കൊറോണ മഹാമാരിക്കിടയില്‍ ഓണവും ഇങ്ങെത്തി. ഓണത്തപ്പനെയും മഹാബലിയെയുമൊക്കെ വരവേല്‍ക്കാന്‍ ഇക്കുറി സാധിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. കാണം വിറ്റും ഓണം ഉണ്ണണമെന്ന സങ്കല്‍പ്പമുണ്ടെങ്കിലും ഇക്കുറി വില്‍പ്പന നടത്തി ആഘോഷം കെങ്കേമമാക്കാന്‍ ഒന്നുമില്ല. വരുമാനം എല്ലാം കോവിഡ് വിഴുങ്ങിയ പശ്ചാത്തലത്തിലാണ് ഓണത്തിന്റെ വരവ്. കൊറോണ ഭീതിയില്‍ വ്യാപാരമേഖല ഭയപ്പാടിലാണെങ്കിലും ഓണം വിപണി ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് വ്യാപാരികള്‍.
പൂവിളിക്ക് കാതോര്‍ത്ത് പൂവിപണി
അത്തം തുടങ്ങി പത്താം നാള് ഓണം. അത്തപ്പൂക്കളം ഒരുക്കി പൂവിളിയോടെ ഓണത്തെ വരവേല്ക്കല്. കൊറോണ ഭീതിയില്‍ ഇക്കുറി പൂക്കളങ്ങള്‍ നന്നേ കുറയുമെന്ന് വ്യക്തം. വെല്ലുവിളി നേരിടേണ്ടി വരുന്നത് പുഷ്പ വ്യപാരികള്‍. പത്ത് ദിവസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഈ മേഖലയില്‍ നടന്നിരുന്നത്. ക്ഷേത്രങ്ങളും അടച്ചിട്ടതിനാല്‍ മാര്‍ച്ചില്‍ തുടങ്ങിയ വിപണി ഇടിവില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. പൊലിമ കൂട്ടാതെയെങ്കിലും പൂക്കളങ്ങള്‍ ഒരുങ്ങിയാല്‍ ഓണക്കാലത്ത് പിടിച്ചു നില്ക്കാനെങ്കിലും സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്നുണ്ട് വ്യാപാരികള്‍.
നിറം മങ്ങുമോ ഓണക്കോടിക്ക്
മഞ്ഞക്കോടി മുതല്‍ ഓണപ്പുടവ വ്യാപാരത്തിനു വരെ ഇക്കുറി നിറം മങ്ങാന്‍ സാധ്യത. കൊറോണ വ്യാപനത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട വിപണികളില്‍ ഒന്നാണ് വസ്ത്രവ്യാപാര മേഖല. സ്വകാര്യ, കാര്‍ഷിക മേഖലയിലുമൊക്കെ ബോണസ് തുകയാണ് ഓണക്കോടിക്കുള്ള കാശ്. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ബോണസും ശമ്പളവും നല്‍കുന്നുണ്ട്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളിലാകട്ടെ ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ ശമ്പളമെങ്കിലും ഓണക്കാലത്ത് ലഭിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ജീവനക്കാര്‍. ഈ ഘട്ടത്തിലാണ് ഓണത്തിന്റെയും വരവ്. അതിനാല്‍ വസ്ത്രവ്യാപാര മേഖലയില്‍ കാര്യമായ ഉണര്‍വ്വിനുള്ള സാധ്യതയില്ല. സീസണ് ലക്ഷ്യമാക്കി തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ ഡിസൈന്‍ തുണിത്തരങ്ങള്‍ എത്തേണ്ട സമയം കഴിഞ്ഞു. അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ പുതിയവ കൊണ്ടുവരുന്നില്ല. കെട്ടിക്കിടക്കുന്ന തുണിത്തരങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തി എങ്ങനെയും ഓണക്കാലം കഴിച്ചു കൂട്ടാനുള്ള തത്രപ്പാടിലാണ് വസ്ത്ര വ്യാപാരികള്‍.
കൃഷി ചതിക്കില്ലെന്ന വിശ്വാസത്തില്‍
ഓണ സദ്യയിലെ ആദ്യ ഇനമാണ് ശര്‍ക്കര വരട്ടിയും ഏത്തക്കായ ഉപ്പേരിയും. ആയിരക്കണക്കിന് വാഴ കര്‍ഷകരുടെ സമ്പല്‍ സമൃദ്ധമായ ഓണത്തിന് കൈ നിറയെ പണം എത്തിക്കുന്ന ഇനമാണ് ഇവ രണ്ടും. കഴിഞ്ഞ സീസണ് പ്രകാരം ഏത്തകായ്ക്ക് കിലോക്ക് അറുപത് മുതല്‍ എണ്‍മ്പതു വരെ വില എത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍ വില 35 മുതല്‍ 40 വരെ. ഇനിയുള്ള ദിവസങ്ങളിലെങ്കിലും വില വര്‍ദ്ധിച്ചില്ലെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ഇത്തവണത്തെ ഓണം കടം കൊണ്ട് നിറയുന്നതാകും. കൊറോണ ഭീതിയില്‍ ഓണ വിപണി ലക്ഷ്യമിട്ടുള്ള വ്യാപക പച്ചക്കറി കൃഷിയില്‍ നിന്നും ഭൂരിഭാഗം കര്‍ഷകരും വിട്ടു നില്‍ക്കുകയാണ്. വളരെ കുറച്ച് കൃഷിയാണ് ഇറക്കിയിട്ടുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ കൈനിറയെ കിട്ടേണ്ട പണം ലഭിച്ചില്ലെങ്കിലും ഇറക്കിയ കൃഷി ചതിക്കില്ലെന്ന വിശ്വാസത്തിലാണ് ഇക്കൂട്ടര്‍.
തടസ്സമാകരുത് സദ്യയുടെ രുചിക്കൂട്ടുകള്‍ക്ക്
പലചരക്ക് വിപണന മേഖലയുടെ സ്ഥിതിയും വ്യത്യസ്തമാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഓണക്കാലത്ത് തോളോട് തോള് ചേര്‍ന്ന് നില്‍ക്കുന്നതാണ് വസ്ത്ര വ്യാപാരവും പലചരക്ക് മേഖലയും. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ നികുതി എത്തിക്കുന്ന മേഖലകളുമാണ്. കൊറോണ, സാമൂഹിക അകലം തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഓണ സദ്യകള്‍ ഇക്കുറി മങ്ങുമെന്ന് ഉറപ്പായി. മറ്റ് തൊഴില്‍ മേഖലകളിലും ഒത്തൊരുമിച്ചൊരു ഓണ സദ്യ ഇക്കുറി നന്നേ കുറവായിരിക്കും. വീടുകളില്‍ മാത്രമായി ഓണ സദ്യ ചുരുങ്ങും. പലചരക്ക് മേഖലയെ ഇത് കാര്യമായി ബാധിക്കും. അടയുടേയും ശര്ക്കരയുടേയുമൊക്കെ വില്‍പ്പനയില്‍ കുറവുണ്ടാകും. എന്നാലും പ്രതീക്ഷ കൈവിടാതെ വിപണിയെ ഉഷാറാക്കാന്‍ ഒരുങ്ങുന്നുണ്ട് വ്യാപാരികള്‍.
ഹോം അപ്ലെയിന്സിന് പ്രതീക്ഷയേകുമോ
ഓണം പ്രതീക്ഷയേകുന്ന മറ്റൊരു പ്രധാന വിപണിയാണ് ഹോം അപ്ലെയിന്‍സ്. കിടക്കവിരി മുതല്‍ ഡബിള്‍ ഡോര്‍ ഫ്രിഡ്ജും ഷോറൂമിലെ വലുപ്പം കൂടിയ ടിവിയുമൊക്കെ ഇതില്‍ സ്ഥാനം പിടിക്കും. ലോക്ഡൗണില്‍ കരകയറാനാകാതെ കിതയ്ക്കുന്ന മേഖലകൂടിയാണിത്. ചെറുകിട വ്യാപാരികളുടെ സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലും. വന്‍കിടക്കാരാകട്ടെ ഷോറൂമില്‍ ഉപഭോക്താക്കള്‍ എത്തില്ലെന്ന് ഉറപ്പായതോടെ ഹോം ലൈന്‍ വീട്ടുപകരണങ്ങള്‍ എന്ന പുതിയ തന്ത്രം പുറത്തെടുത്തിരിക്കുയാണ്.
മഞ്ഞളിച്ച് സ്വര്‍ണ്ണ വിപണി
വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് പൊന്നിന് ചിങ്ങമാസത്തില്‍. കര്‍ക്കിടകത്തിലേ സ്വര്‍ണ്ണവിപണി ഉണരും. കൊറോണയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില ഉയര്‍ന്നത് ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്വര്‍ണ്ണ വിപണിയെയാണ്. വ്യാപാരത്തില്‍ കാര്യമായ ചലനമില്ല. വിവാഹത്തിന് നല്‍കാറുള്ള സ്വര്‍ണ്ണത്തിന്റെ തൂക്കം രക്ഷിതാക്കള്‍ കുറയ്ക്കുന്നുണ്ട്. സ്വര്‍ണ്ണം സംഭാവന നല്കാന് തീരുമാനിച്ചവര്‍ക്കും മനം മാറ്റം. ഇനി കാര്യമായി വിലക്കുറവ് വരുമെന്നും കരുതുന്നില്ല. അതിനാല്‍ വിലക്കിഴിവും ആകര്‍ഷക സമ്മാനങ്ങളും ഒരുക്കുകയാണ് സ്വര്‍ണ്ണ വ്യാപാരികള്‍.
വഴിയാധാരമാകരുത് വഴിയോര വിപണി
വള, പൊട്ട്, ചാന്ത്, തുണിത്തരങ്ങള്‍, സുഗന്ധ വസ്തുക്കള്‍ തുടങ്ങയവ എല്ലാം പൊടിപൊടിച്ച് വില്‍പ്പന നടക്കുന്ന ഓണക്കാലത്തെ വഴിയോര കച്ചവടം. താഴ്ന്ന വരുമാനക്കാര്‍ക്ക് ഓണം കൂടാനുള്ള വിപണി. ഇക്കുറി കൊറോണ കനിയണം ഈ വ്യാപാരത്തിന്. കണ്ടെയ്ന്മെന്റ് സോണ്‍, ലോക് ഡൗണ്‍, സാമൂഹിക അകലം ഈ വെല്ലുവിളികള്‍ക്കിടയില്‍ വേണം വ്യാപാരം കൊഴുപ്പിക്കാന്‍. ഇല്ലെങ്കില്‍ പോലീസ് ഇടപെടും. വഴിയോര കച്ചവടത്തിന് ഇപ്പോള്‍ അനുമതിയില്ല. ഓണത്തിനു രണ്ടു ദിവസം മുമ്പെങ്കിലും അനുമതി നല്‍കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: