ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം ദിവസവും വർദ്ധിച്ചുവരുന്നത് മലയോര മേഖലയെ ആകെ ആശങ്കയിലാക്കുകയാണ് . കഴിഞ്ഞ ദിവസം താലൂക്ക് ഹോസ്പിറ്റലിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ എട്ടുപേർക്ക് ഇവിടെ നിന്നുമുള്ള മ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിചിരുന്നു. . ഇതോടെ രണ്ടാഴ്ച്ചക്കിടയിൽ ആസ്പത്രിയുമായി ബന്ധപ്പെട്ട രോഗ ബാധിതരുടെ എണ്ണം 30കടക്കുകയാണ് . ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്, ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ 20 വരെ ഒ.പി വിഭാഗവും അടച്ചിടാൻ നഗരസഭാ ചെയർമാൻ പി.പി. അശോകന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ സമതി യോഗം തീരുമാനിച്ചു.
ഐ പി വിഭാഗം മുന്നേ അടച്ചിരുന്നു. താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലൂടെ തില്ലങ്കേരി പഞ്ചായത്തംഗം ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർക്കും , പായം പഞ്ചായത്തിലെ ഉദയഗിരിയിൽ ഒരാൾക്കും, ഉളിയിൽ ഒരാൾക്കുമാണ് കഴിഞ്ഞ ദിവസം രോഗബാധയുണ്ടായത്. താലൂക്ക് ആശുപത്രിയിൽ ചിക്തസയിലുണ്ടായിരുന്ന പടിയൂർ കൊശവൻ വയൽ സ്വദേശിക്കാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. ഇയാൾ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച് മൂന്നാം ദിവസം മരിച്ചിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഭാര്യക്കും മകനും രോഗം ബാധിച്ച് ചികിത്സയിലാണ്.
പായം പഞ്ചായത്തിലെ ഉദയഗിരിയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതും ഇരിട്ടി താലൂക്ക് ആസ്പ്ത്രിയിൽ നിന്നും രോഗം ബാധിച്ചതാണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യയും മകനും മകന്റെ ഭാര്യയും പേര കുഞ്ഞും രോഗം ബാധിച്ച് ചികിത്സയിലാണ്. ഇരിട്ടി നഗരസഭയിലെ എടക്കാനം ചേളത്തൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം വന്നതും മറ്റൊരു രോഗത്തിന് താലൂക്ക് ആസ്പത്രിയിൽ ചികിത്സക്ക് എത്തിയ ശേഷമാണ്. നേരംപേക്കിൽ ഹോട്ടൽ ഉടമ യ്‌ക്കും കോവിഡ് ബാധിച്ചത് താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട സമ്പർക്കത്തിലൂടെയാണ്.
വിപുലമായി രോഗബാധിതരുടെ സബർക്കപ്പട്ടിക ഉയരുന്നതും അധികൃതരെ ആശങ്കയിലാക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരിൽ എല്ലാവർക്കും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് പോസ്റ്റീവായത്. നേരത്തെ കിടത്തി ചികിത്സയിലായിരുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ പിവാർഡും ലാബും കാഷ്വാലിറ്റിയും പൂട്ടിയിരുന്നു. തിങ്കളാഴ്‌ച്ച അണുമുക്തമാക്കി തുറക്കാനുള്ള ശ്രമത്തിനിടയിലാണ് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. ഒ പിയും ഐ പിയും കാഷ്വാലിറ്റിയും ലാബും ഒക്കെ അടഞ്ഞു കിടക്കയാ ണെങ്കിലും ഡയാലിസീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുടക്കമില്ലാതെ നടത്താൻ കഴിയുന്നുണ്ട്.
കൂടുതൽ നിയന്ത്രണങ്ങളോടെയായിരിക്കും 20ന് ശേഷം ഒ പി പ്രവർത്തിപ്പിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ പറഞ്ഞു. താലൂക്ക് ആസ്പത്രിയുമായി ഒന്നും രണ്ടും സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. അശോകൻ അറിയിച്ചു . ഭൂരിഭാഗം പേരുടേയും പരിശോധനകൾ പൂർത്തിയാക്കി കഴിഞ്ഞു. ഡയാലിസിസ് സെന്ററിലുള്ളവർക്ക് ആർക്കും പ്രശ്നങ്ങളില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ചൊവ്വാഴ്‌ച്ച മുതൽ ഡയാലിസീസ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി നഗരസഭയിൽ ഉൾപ്പെടെ മലയോര പഞ്ചായത്തുകളിൽ 15 ഓളം കണ്ടെയ്‌മെന്റ് സോണുകളാണ് ഇപ്പോൾ നിലവിലുള്ളത്. അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്ന ഫലങ്ങളും അധികൃതരിൽ ആശങ്ക സൃഷ്ഠിക്കുന്നുണ്ട്. കണ്ടെയ്‌ൻമെൻറ് സോണുകളിലെല്ലാം ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമാണ് പോലീസും പ്രദേശിക ഭരണകൂടങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: