കൊച്ചി: മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ കോമഡി പരിപാടിയിലൂടെ അപമാനിച്ചതില്‍ നിരുപാധികം മാപ്പു പറഞ്ഞു ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ്, 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പിലാണ് ക്ഷമാപണം. കോമഡി പരിപാടിയിലെ ഒരു സ്കിറ്റില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങള്‍ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് വേദനയുണ്ടാക്കിയതില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നു. മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്കു നല്കിയ സംഭാവനകളുടെയും വലിയ ആരാധകരാണ് ഫ്ളവേഴ്സ് ടിവി. അദ്ദേഹം ഈ ചാനലിലെ വിവിധ പരിപാടികളില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ലെന്നും പത്രക്കുറപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
‘ശ്രീകണ്ഠന് നായര്‍ ഫ്ളവേഴ്സ് ചാനലില്‍ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം’ എന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ചാനല്‍ മാപ്പുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: