ഇന്ന് എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം. പുതിയ ഇന്ത്യയുടെ, സ്വാശ്രയ ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യപ്പുലരി. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്വപ്നം നെഞ്ചേറ്റി സ്വയംപര്യാപ്ത ഭാരതത്തിലേക്കും രാമരാജ്യത്തിലേക്കും ഇന്ത്യ കുതിക്കുന്നു. അധിനിവേശകാലത്ത് തുടക്കമിട്ടതും കൊളോണിയല്‍ ഭരണത്തില്‍ വളര്ന്നുപന്തലിച്ചതും സ്വാതന്ത്ര്യാനന്തര കാലത്ത് പ്രീണന രാഷ്ട്രീയത്തിന്റെ അതിരുകളില്‍ അടക്കപ്പെട്ടതുമായ അപമാനം ദേശാഭിമാനികള്‍ കഴുകിക്കളഞ്ഞു. രാമമന്ത്ര മുഖരിതമാകുന്നു പുതിയ ഇന്ത്യയുടെ ഈ സ്വാതന്ത്ര്യദിനം. രാമരാജ്യ പുനഃസ്ഥാപനത്തിന് കാഹളം മുഴങ്ങുന്നു.
അയല്‍രാജ്യങ്ങളില്‍ മതപീഡനം ഏറ്റുവാങ്ങി അഭയംതേടി ഇന്ത്യയിലെത്തിയവര്‍ക്ക് ഇന്ന് പുതിയ സ്വാതന്ത്ര്യപ്പുലരിയാണ്. പലായനം ചെയ്യപ്പെട്ട നിസ്സഹായരെ ചേര്‍ത്തുപിടിച്ച് രാജ്യം അവര്‍ക്ക് അവകാശങ്ങളും അധികാരങ്ങളും നല്കാന് നിയമം നിര്‍മിച്ചു. പെണ്മക്കളെ കണ്മുന്നില് പീഡിപ്പിക്കുന്നത് കാണാനാകാതെ ഓടിയെത്തിയവരെ ആട്ടിയോടിക്കാന്‍ കലാപത്തിനിറങ്ങിയ മത, രാഷ്ട്രീയ ഭീകരരെ ചെറുത്തുതോല്‍പ്പിച്ച് കൂടിയാണ് പുതിയ ഇന്ത്യ ഇന്ന് പതാക ഉയര്‍ത്തുന്നത്. നവഭാരതത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുന്നു.
ആത്മാഭിമാനം അടിയറവയ്ക്കാത്ത ആര്‍ജ്ജവമുള്ള നേതൃത്വമാണ് ഇന്ന് ചെങ്കോട്ടയില്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത്. ഇന്ത്യ സമാധാനം കാംക്ഷിക്കുന്നു. ഒരു രാജ്യത്തെയും ആക്രമിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സഹിഷ്ണുത ദൗര്‍ബ്ബല്യമല്ല. വെല്ലുവിളികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും. കമ്യൂണിസ്റ്റ് ചൈനയ്ക്കും ലോകത്തിനും പുതിയ ഇന്ത്യയുടെയും അതിന്റെ പ്രധാനമന്ത്രിയുടെയും നിലപാട് വ്യക്തമാണ്. അതിര്‍ത്തിയിലെ അടിയറവ് പഴങ്കഥയായി. പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടാന്‍, മുന്‍ ഭരണാധികാരികള്‍ അവഗണിച്ച റഫാല്‍ യുദ്ധവിമാനങ്ങളും എത്തിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പുതിയ ഇന്ത്യ ലോകത്തിന്റെ ആശ്രയകേന്ദ്രമായി, മരുന്ന് ഫാക്ടറിയായി.
ഇടത് ഇസ്ലാമിക ഭീകരതയില്‍നിന്നുള്ള സ്വാതന്ത്ര്യദിനം കൂടിയാണിത്. ചുവപ്പന്‍ ഇടനാഴിയില്‍ ചുവപ്പ് മങ്ങി. നക്സലുകള്‍ അടിച്ചേല്‍പ്പിച്ച കറുത്ത കൊടികള്‍ക്കു പകരം ഗ്രാമങ്ങളിലെങ്ങും ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു. ദേശീയഗാനത്തിന്റെ ഈരടികള്‍ ഇന്നും അവിടങ്ങളില്‍ മുഴങ്ങും. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. പതിറ്റാണ്ടുകളായുള്ള തലവേദന ഒരു ഉറച്ച തീരുമാനത്തിലൂടെ സുഖപ്പെട്ടപ്പോള്‍ ജമ്മു കശ്മീര്‍ രാജ്യത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രയാണത്തിലാണ്. രാജ്യദ്രോഹികളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ച് അവര്‍ മുന്നോട്ടുള്ള യാത്ര തുടരുന്നു. വിഘടനവാദികളും ഭീകരരും അല്ല പുതിയ ഇന്ത്യയുടെ അജണ്ട തീരുമാനിക്കുന്നത് ദേശബോധമുള്ള ജനങ്ങളാണെന്ന പ്രഖ്യാപനമാണ് ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: