മക്കളേ,
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് ഇന്നു ലോകമെമ്പാടും ആലോചനകള്‍ നടന്നുവരുന്നു. ഇതുതന്നെ ഒരു മാറ്റത്തിന്റെ തുടക്കമായിവേണം കരുതാന്‍. ഇത്തരം ആലോചനകള്‍ പോലുമില്ലാതെ, നീണ്ട ഒരു കാലഘട്ടം സ്ത്രീ പലതും നിശ്ശബ്ദയായി സഹിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാ ദേശത്തും സ്ത്രീ ചൂഷണത്തിനും പീഡനത്തിനും ഇരയായിട്ടുണ്ട്. പുരോഗമനചിന്തയും വികാസവും പരിഷ്കാരവും ഒക്കെയുണ്ടെന്നു പറയുന്ന രാജ്യങ്ങളില്‍പോലും, സ്ത്രീയോടിന്നും പല കാര്യങ്ങളിലും വിവേചനത്തോടെയാണു പെരുമാറുന്നത്
കാലത്തിനനുസരിച്ചു മാറാതെ പറ്റില്ലെന്ന സ്ഥിതി വന്നതുകൊണ്ട് ചിലയിടങ്ങളില്‍ ഒരളവോളം ശാരീരികമായ സുരക്ഷ സ്ത്രീയ്ക്കുണ്ടായിട്ടുണ്ട്. എന്നാല്‍ കുടുംബത്തിലും സമൂഹത്തിലും കര്‍മ്മരംഗങ്ങളിലും തുല്യസ്ഥാനം സ്ത്രീകള്‍ക്കു നല്കാന് പുരുഷന്മാര് ഇന്നും മടികാട്ടുന്നു. ഈ മനോഭാവം മാറാത്തിടത്തോളം സ്ത്രീപുരുഷ ബന്ധങ്ങളെയും സമൂഹത്തിന്റെ വളര്‍ച്ചയെയും അതു പ്രതികൂലമായി ബാധിക്കും. പരസ്പരം ആദരിക്കുകയും സ്നേഹപൂര്‍വം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്ത്രീപുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേര്‍പെട്ടുകിടക്കുന്ന രണ്ടു തീരങ്ങളെപ്പോലെയാകും.
ഭൂതകാലം പുരുഷന്റെ മനോതലത്തില്‍ വലിയൊരളവില്‍ ദുരഭിമാനവും, ‘സ്ത്രീയെക്കാള്‍ താന്‍ വലുത്’ എന്ന അഹങ്കാരചിന്തയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ചില സ്ത്രീകളുടെ ചിന്തയും മനസ്സും പ്രവര്‍ത്തിക്കുന്നതു മറ്റൊരു തരത്തിലാണ് ‘ഇത്രയും കാലം പുരുഷന്മാര് ഞങ്ങളെ നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു മതിയായി. അവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’ ഇന്നു പല സ്ത്രീപുരുഷന്മാരെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരം അനാരോഗ്യകരമായ സമീപനമാണ്.
ഒരു വിവാഹം നടക്കുകയാണ്. വിവാഹരജിസ്റ്ററില്‍ ഒപ്പുവച്ച് ബന്ധം നിയമപരമാക്കുന്ന ചടങ്ങാണ് അടുത്തത്. ആദ്യം ഭര്‍ത്താവ് ഒപ്പിട്ടു. അടുത്തത് ഭാര്യയുടെ ഊഴമാണ്. ഭാര്യ ഒപ്പിട്ടുകഴിഞ്ഞതും, ഭര്‍ത്താവ് ഉച്ചത്തില്‍പ്പറഞ്ഞു, ‘തീര്‍ന്നു… ഇതോടെ എല്ലാം തീര്‍ന്നു. എനിക്കുടന്‍ വിവാഹമോചനം വേണം.’മജിസ്ട്രേറ്റും മറ്റുള്ളവരും അമ്പരന്നു. മജിസ്ട്രേറ്റ് ചോദിച്ചു, ‘ഹേ മനുഷ്യാ, നിങ്ങള്‍ എന്തു വിവരക്കേടാണീ പറയുന്നത്! വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ വിവാഹമോചനവും വേണമെന്നോ? അതിനിപ്പോള്‍ ഇവിടെ എന്തു സംഭവിച്ചു?’
വരന് പറഞ്ഞു, ‘എന്തു സംഭവിച്ചെന്നോ? കണ്ണു തുറന്നു നോക്കൂ സര്.. ദാ, എന്റെ ഒപ്പു കണ്ടോ? എത്ര ചെറുതും ഒതുങ്ങിയതുമായ ഒപ്പാണത്. അവളുടെ ഒപ്പു നോക്കൂ. എന്തൊരു വലിപ്പമാണതിന്! സര്, ഒരു പേജു മുഴുവന്‍ ആരെങ്കിലും ഒപ്പിടുമോ? ഇതിന്റര്‍ത്ഥം എനിക്കു മനസ്സിലായി. ഞാനത്ര വിഡ്ഢിയൊന്നുമല്ല. ജീവിതത്തിലും ഇവള് വലുതും ഞാന്‍ ചെറുതും ആയിരിക്കും. അതാണിവള്‍ അര്‍ത്ഥമാക്കുന്നത്. അതങ്ങു മനസ്സിലിരിക്കട്ടെ. ചെറുതാകാന്‍ എന്നെക്കിട്ടില്ല.’ ഈ വിധം തുടക്കത്തില്‍ത്തന്നെ പിഴയ്ക്കുന്ന ചുവടുകളാണ് ഇന്നു സ്ത്രീപുരുഷന്മാരുടെ ഇടയില്‍ പലപ്പോഴും കാണുന്നത്.
ഗര്‍ഭപാത്രം ഈശ്വരന് സ്ത്രീകള്‍ക്കു നല്കിയ വരദാനമാണ്. അതുകൊണ്ട് സഹജമായിത്തന്നെ ക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനുമുള്ള കഴിവ് സ്ത്രീയ്ക്കു പുരുഷനെക്കാള്‍ കൂടുതലാണ്. ആ കഴിവ് നഷ്ടമാക്കുവാന്‍ സ്ത്രീകള്‍ തുനിയരുത്. വിനയവും ക്ഷമയും സ്ത്രീയുടെ വ്യക്തിത്വത്തെ വളര്‍ത്തും. പുരുഷന്മാര്ക്കും അവശ്യം വേണ്ടുന്ന ഗുണങ്ങളാണിവ. ഇരുകൂട്ടരുടെയും ആദ്ധ്യാത്മികവികാസത്തെ ഇതു സഹായിക്കും.
അനീതിയ്ക്കും അടിച്ചമര്‍ത്തലിനും കീഴടങ്ങാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ധീരതയും നിശ്ചയദാര്‍ഢ്യവും ആവശ്യമായിടങ്ങളില്‍ അതുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. പുരുഷന്മാരെ ധര്മ്മമാര്ഗ്ഗത്തിലേയ്ക്കു നയിക്കാന്‍ ഇച്ഛാശക്തിയുള്ള സ്ത്രീകള്യ്ക്കു കഴിയും.
ഭാവിസമൂഹത്തിന്റെ കെട്ടുറപ്പും സൗന്ദര്യവും അമ്മമാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അമ്മയാണ് ആദിഗുരു. കുഞ്ഞുങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്നത് അമ്മമാര്‍ക്കാണ്. അമ്മമാര്‍ എന്തു കാണിച്ചുകൊടുക്കുന്നുവോ, അതാണു കുഞ്ഞുങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നത്. അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന്റെ ശരീരത്തെ മാത്രമല്ല അവന്റെ മനോബുദ്ധികളെയും ഹൃദയത്തെയും പരിപോഷിപ്പിക്കുന്നു. അതുപോലെ പെറ്റമ്മ പകര്ന്നുനല്്കുന്ന ജീവിതമൂല്യങ്ങളും മാതൃകയുമാണു കുഞ്ഞുങ്ങള്‍ക്കു ഭാവിജീവിതത്തിനുള്ള ശക്തിയും വീര്യവും നല്‍കുന്നത്. അതു സ്ത്രീകള്‍ മറക്കരുത്.
ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം പുരുഷനു പിന്തുണയും പ്രോത്സാഹനവും നല്കാന് സ്ത്രീകള്‍ക്കു കഴിയണം. അതുപോലെതന്നെ സ്നേഹപൂര്‍ണ്ണവും മൃദുലവും ഉദാരവുമായ സമീപനം സ്ത്രീകളോടു പുലര്‍ത്തുവാന്‍ പുരുഷന്മാര് ശ്രദ്ധിക്കണം. സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്റെ ധര്‍മ്മമാണ്. കഴിവുകളും പരിമിതികളും അറിഞ്ഞും അംഗീകരിച്ചും പരസ്പരം തുണയാകാന്‍ സ്ത്രീയ്ക്കും പുരുഷനും കഴിയും. യഥാര്‍ത്ഥ സ്നേഹവും സൗമനസ്യവും വരുമ്പോള്‍, ‘ആരു മീതെ, ആരു താഴെ’ എന്ന ചോദ്യം തന്നെ അപ്രസക്തമാകും. ഓരോരുത്തരും മറ്റെയാളെ വിനയംകൊണ്ടും സ്നേഹംകൊണ്ടും വെല്ലുന്ന രീതിയാണ് ഏറ്റവും ഉത്തമം.
പുരുഷനെ സൃഷ്ടിച്ചതും വളര്‍ത്തിയതും അമ്മയാണെങ്കില്‍, തീര്‍ച്ചയായും ആ സൃഷ്ടി നടത്തിയ സ്ത്രീയ്ക്കും പുരുഷനോടൊപ്പം തുല്യസ്ഥാനത്തിന് അവകാശമുണ്ട്. സ്ത്രീപുരുഷന്മാര് പരസ്പരധാരണയോടെയും വിട്ടുവീഴ്ച്ചാമനോഭാവത്തോടെയും നീങ്ങിയാല്‍ മാത്രമേ സ്നേഹവും ഐക്യവും ഐശ്വര്യവും നിറഞ്ഞ ഒരു ലോകം സാദ്ധ്യമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: