മൂന്നാര്‍: ദുരന്തമുഖത്ത് വൈകിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ശ്രമം. ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെട്ട സംഘത്തെയാണ് റോഡില്‍ കുത്തിയിരുന്ന് വനിത തടയാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെമ്പിളൈ ഒരുമൈ മുന്‍ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്തതായി മൂന്നാര്‍ ഡിവൈഎസ്പി മനോജ്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ചാറ്റല്‍ മഴയത്തും ഇവര്‍ റോഡില്‍ കുത്തിയിരുന്നത്. വനിതാ പോലീസെത്തി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കുതറി മാറി വാഹന വ്യൂഹത്തിന് മുന്നിലേക്ക് എത്താന്‍ ശ്രമിച്ചു. 5 മിനിറ്റോളമാണ് ഇവര്‍ ഇത്തരത്തില്‍ ഇവിടെ നിന്നത്. മുഖ്യമന്ത്രിയെ കാണാന്‍ നൂറ് കണക്കിന് പേരാണ് വഴിയോരങ്ങളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് തടിച്ച് കൂടിയത്.
2015ല്‍ മൂന്നാറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ഗോമതി. ഇവര്‍ മാസങ്ങള്‍ക്കിപ്പുറം സിപിഎമ്മിലേക്ക് ചേക്കേറി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. പിന്നീട് അസ്വാരസ്യങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: