കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നടത്തിയ ഉപവാസ സമരത്തില്‍ ഓണ്‍ലൈനിലൂടെ പങ്കാളികളായത് ആയിരങ്ങള്‍. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയും സമാപന പരിപാടിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തുമുളള ആയിരങ്ങളാണ് വീക്ഷിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്തു.
സ്വര്ണ്ണക്കളക്കടത്തുകാര്ക്ക് രാജ്യ ദ്രോഹികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും സ്വാധീനമുണ്ടെന്നും എന്‍ഐഎ വ്യക്തമാകുമ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. രാജ്യ ദ്രോഹത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്താന്‍ അര്‍ഹതയുണ്ടെന്ന് കാര്യത്തില്‍ പരിശോധന നടത്തേണ്ടതാണ്. ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രി ജലീലും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കളളക്കടത്തുകാരിക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാത്ത നിലപാട് വിചിത്രമാണെന്ന് ചടങ്ങില്‍ സംസാരിച്ച സി.കെ. പത്മനാഭന് പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസ് കളളക്കടത്തിന് സഹായം ചെയ്തുവെന്ന് കണ്ടെത്തിയിട്ടും യാതൊരു ലജ്ജയുമില്ലാതെ പിണറായി അധികാര കസേരയില്‍ തുടരുകയാണ്. കേരളം ദേശീയ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരള ഘടകം രൂപീകരിച്ചപ്പോള്‍ ഏറണാകുളം ചേര്‍ന്ന ആദ്യ യോഗത്തില്‍ കെ.ജി. മാരാര്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കാതല്‍ കേരളം ചെകുത്താനും കടലിനുമിടയിലാണ് എന്നതായിരുന്നു. പ്രമേയത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനൊരു അറുതിയുണ്ടാവണം. ദുര്‍ഭരണത്തിനെതിരെ അവസാനം വരെ ബിജെപി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. റിട്ട.കേണല്‍ എം.കെ. ഗോവിന്ദന് നാരങ്ങ നീര് നല്കി വൈകുന്നേരം സി.കെ. പത്മനാഭന് ഉപവാസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: