ന്യൂദൽഹി: ഫേസ്‌ബുക്കിൽ ഹിന്ദു ദൈവത്തിന്റെ ചിത്രത്തോടൊപ്പം മോശം രീതിയിൽ പരാമർശം നടത്തിയ ആം ആദ്‌മി പാർട്ടി നേതാവും ദൽഹിയിലെ മുൻ എംഎൽഎയുമായ ജർനെയിൽ സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ദേവിയുടെ ചിത്രത്തോടൊപ്പം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാചകങ്ങൾ പ്രചരിപ്പിച്ചതിനു ഒരു ദിവസം പിന്നിട്ടപ്പോഴാണ് ജർനെയിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
ചിത്രം പോസ്റ്റ് ചെയ്തതിനുശേഷം വൻതോതിലുള്ള പ്രതിഷേധങ്ങൾ ജനങ്ങൾക്കിടയിൽ നിന്നുമുണ്ടായതിനെ തുടർന്ന് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. താനല്ല ഇത് ചെയ്തതെന്നും മകന്റെ ഓൺലൈൻ ക്ലാസിനിടയിൽ അറിയാതെ പറ്റിയതാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു. ആം ആദ്‌മി പാർട്ടിയുടെ സിഖ് വിഭാഗത്തിലെ പ്രമുഖനായ നേതാവിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ വന്ന പ്രവർത്തി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വിമർശനങ്ങൾക്കിടയാക്കി. പ്രശ്നം വിവാദമായതോടെ പാർട്ടിയുടെ ഉന്നതതല സമിതി ജർനെയിലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ആം ആദ്‌മി പാർട്ടി ജനാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നും മതത്തെ അവഹേളിക്കുന്ന ആരെയും പാർട്ടിയിൽ നിലനിർത്താൻ അനുവദിക്കില്ലെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുദൈവത്തെ അവഹേളിച്ച സംഭവത്തിൽ സിഖ് വിഭാഗവും ഖേദം പ്രകടിപ്പിച്ചു. മറ്റ് മതങ്ങളെ പരിഹസിക്കുന്നത് ഗുരുനാനാക്കിന്റെ ദർശനങ്ങൾക്ക് വിപരീതമാണെന്ന് സിഖ് വിഭാഗം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
2015ൽ രജൗരി ഗാർഡനിൽ നിന്നും ദൽഹി നിയമസഭയിലേക്ക് ജെർനെയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2017ൽ സ്ഥാനം ഒഴിഞ്ഞ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലാംബി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പ്രകാശ് സിങ് ബാദലിനോട് പരാജയപ്പെട്ടു. തുടർന്ന് കെജ്‌രിവാളുമായി ജെർനെയിൽ ഏറെ അകന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: