രാമായണത്തില്‍ കിളികള്‍ക്കുള്ള പ്രാധാന്യം ഏറെയാണ്. കാകഭുശുണ്ഡി, ക്രൗഞ്ച മിഥുനങ്ങള്‍, മിഥിലയില്‍ രാമായണം പാടിനടന്ന ശുകമിഥുനങ്ങള്, ദശരഥന്റെ സുഹൃത്തായിരുന്ന ജടായു, കാകാകൃതി പൂണ്ട് സീതയെ ആക്രമിക്കാന്‍ വന്ന് രാമശരമേറ്റ് കോങ്കണ്ണനായ കാകന്, ജടായുവിന്റെ സഹോദരന് സമ്പാതി ഇവകളെല്ലാം രാമായണവുമായി ബന്ധപ്പെട്ട കിളികളാണ്.
വാല്മീകിക്ക് രാമായണ രചനക്ക് പ്രചോദനം ക്രൗഞ്ചപക്ഷിയായിരുന്നു. അധ്യാത്മ രാമായണം രചിച്ച തുഞ്ചത്താചാര്യന് ശുക(തത്ത)വും. കാവ്യരചനയ്ക്കിടയില്‍ അഹിതങ്ങളായ സംഭവങ്ങള്‍ കവിക്കും ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്. അങ്ങനെ ‘അറംപറ്റാ’തിരിക്കാന്‍ എഴുത്തച്ഛന് സരസ്വതീദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിച്ചു എന്നാണ് വിശ്വാസം.
പ്രസിദ്ധമായ ‘മാ നിഷാദ’യാണ് ആദികവി വാല്മീകിയുടെ രാമായണ രചനയ്ക്ക് അടിസ്ഥാനം. ‘തമസാ’നദിയില്‍ സ്നാനംചെയ്യവേ നദിക്കരയിലെ മരക്കൊമ്പില്‍ സല്ലപിക്കുകയായിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ ഒരു കാട്ടാളന് അമ്പെയ്തു കൊന്നതു വാല്മീകി കണ്ടു. അതില്‍ മനംനൊന്ത് കാട്ടാളനെ ശപിച്ചു.
‘മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമഃ ശാശ്വതീസമാഃ
യല്‍ ക്രൗഞ്ചമിഥുനാദേകം
അവധീഃ കാമമോഹിതം’
എന്ന ശ്ലോകമായാണ് ശാപം പുറത്തു വന്നത്. അവിടെ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവ,് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാല്മീകി ആദി കാവ്യം രചിച്ചതത്രെ.
സീതയും ശുകങ്ങളുമായി ബന്ധപ്പെട്ടൊരു കഥയുമുണ്ട്. ശ്രീരാമന് അയോദ്ധ്യയില്‍ അവതരിക്കുന്നതിനും മുമ്പുതന്നെ രാമായണകഥ ശ്രുതികളായി പ്രചാരത്തിലുണ്ടായിരുന്നത്രേ. ഇതു വാല്മീക്യാശ്രമത്തില് പാടുക പതിവായിരുന്നു. രാമകഥ കേള്‍ക്കാനെത്തിയിരുന്ന ശുകങ്ങള്‍ അത് പാടിനടക്കാറുണ്ടായിരുന്നു. കുട്ടിയായിരിക്കെ സീതയും സഹോദരിമാരും മിഥിലയിലെ ഉദ്യാനത്തിത്തിലിരുന്ന് ഈ ശുകമിഥുനങ്ങള് രാമായണകഥ പാടുന്നതുകേട്ടു.
തന്റെ കഥയാണെന്ന് മനസ്സിലാക്കിയ സീത കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തങ്ങളിത് വാല്മീക്യാശ്രമത്തില്നിന്ന് കേട്ടുപഠിച്ചതാണെന്നും കഥയില്‍ രാമന് സീതയെ ‘വധു’വാക്കുമെന്നും പറഞ്ഞു. ഇതു കേട്ട സീത കാര്യങ്ങള്‍ ശരിയാണോയെന്നറിയുന്നതുവരെ ശുകങ്ങളെ കൂട്ടിലടച്ചു. അവ പേടിച്ചുനിലവിളിക്കാന് തുടങ്ങി. പെണ് ശുകം ഗര്‍ഭിണിയായിരുന്നു. നിലവിളി അസഹ്യമായപ്പൊള്‍ സീത ആണ്ശുകത്തെ തുറന്നുവിട്ടു. പെണ്‍ശുകം കൂട്ടില്‍ത്തന്നെ. എത്ര കരഞ്ഞിട്ടും സീത കനിഞ്ഞില്ല. പെണ്‍ശുകം,’എനിക്കു സംഭവിച്ചപോലെ ഗര്‍ഭിണിയായിരിക്കെ രാമന് നിന്നെയും ഉപേക്ഷിക്കും’ എന്നു ശപിച്ച് പെണ്‍ശുകം കൂട്ടില്‍ തലതല്ലി ആത്മാഹുതി ചെയ്തു.
ഭാര്യാവിയോഗത്താല് മനംനൊന്ത ആണ് ശുകം,’ഞാന്‍ രാമന്റെ നഗരത്തില്‍ ജന്മമെടുത്ത് സീതയുടെ വിയോഗത്തിന് കാരണഭൂതനാകുമെന്ന് പറഞ്ഞ് ‘സരയു’വില്‍ ചാടിച്ചത്തു.
ഈശുകമാണ് അയോദ്ധ്യയില്‍’രജക’നായി പിറന്ന്, രാമന് സീതയെ ഉപേക്ഷിക്കുവാന്‍ കാരണഭൂതനായത്. (ഇത് പത്മപുരാണത്തിലെ കഥയാണ്. ഫാദര്‍ കമില്‍ ബുല്‍ക്കേയുടെ രാമകഥയില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്). ഈ ‘കിളിശാപ’മാവാം ഇനിയും ആവര്‍ത്തിക്കരുതെന്ന കരുതലോടെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാക്കാന് ആചാര്യന് പ്രേരണയായത്.
എന്‍.കെ. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: