പെരുന്ന: മോദിസര്‍ക്കാര്‍ എടുത്ത തീരുമാനം കേരളത്തില്‍ പൂര്‍ണമായി നടപ്പിലാക്കാത്തതിനെതിരെ എന്‍എസ്എസ്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും പിഎസ്സി നിയമനങ്ങള്‍ക്കു ഇത് ബാധകമാക്കിയിട്ടില്ല. കെഎസ് ആന്‍ഡ് എസ്എസ്ആര്‍ പാര്‍ട്ട് 2 ലെ (കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ്) ബന്ധപ്പെട്ട സംവരണചട്ടം ഭേദഗതി ചെയ്യാത്തതാണ് കാരണം. ഉത്തരവ് ഇറങ്ങി 6 മാസത്തിനു ശേഷവും ചട്ടത്തില്‍ ഭേദഗതി വരുത്താത്തത് അലംഭാവവും ആ വിഭാഗത്തോടുള്ള അവഗണനയുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
മുന്നാക്ക വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റു വിഭാഗക്കാര്‍ക്ക് കമ്യൂണിറ്റി മെറിറ്റ് 20 ശതമാനമായി വര്‍ധിപ്പിച്ചു. മുന്നാക്ക വിഭാഗത്തിന് ഇതു നല്‍കിയിട്ടുമില്ല. ഇതിനു പുറമേയാണ് മുന്നാക്ക വിഭാഗം നടത്തുന്ന സ്കൂളുകളില്‍ 10ശതമാനം സാമ്പത്തിക സംവരണം നിഷേധിച്ച് പുതിയ ഉത്തരവും ഇറക്കിയിരിക്കുന്നത്.
എയ്ഡഡ് മേഖലയിലുള്ള കോളജുകള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നിഷേധിച്ചിരിക്കുകയാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്കു ഗുണകരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: