ന്യൂദല്‍ഹി: വേണ്ടത്ര പരീക്ഷണങ്ങള്‍ ഇല്ലാതെ സ്ഫുട്നിക് എന്ന പേരിലുള്ള റഷ്യന്‍ കൊറോണ വാക്സിന് രോഗികള്‍ക്ക് നല്‍കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആശങ്ക പങ്കുവച്ച് ദല്‍ഹി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗലേറിയ. മരുന്നു സുരക്ഷിതമാണോ കാര്യക്ഷമമാണോയെന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്, അദ്ദേഹം പ്രതികരിച്ചു. സ്ഫുട്നിക് അഞ്ച് എന്ന മരുന്നില്‍ ലോകത്തെ പലഭാഗങ്ങളിലുമുള്ള വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.
റഷ്യയിലെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് രണ്ടു മാസം കൊണ്ട് മരുന്ന് വികസിപ്പിച്ചത്. രണ്ടു ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഇന്ത്യയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ വികസിപ്പിച്ച മരുന്നിന്റെ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളു. അതിനിടയ്ക്കാണ് റഷ്യ പൊടുന്നനെ പുതിയ മരുന്ന് പ്രഖ്യാപിച്ചത്.
റഷ്യന്‍ വാക്സിന് വിജയകരമാണെന്ന് അവര്‍ പറയുന്നു. ഇത് സുരക്ഷിതമോ കാര്യക്ഷമമോ തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം. രോഗത്തിനെതിരെ നല്ല പ്രതിരോധം നല്‍കണം, ഗലേറിയ ചൂണ്ടിക്കാട്ടി.
മരുന്ന് ഫലപ്രദവും രോഗം ശമിപ്പിക്കുന്നതും പാര്ശ്വഫലങ്ങളില്ലാത്തതുമാണെന്നാണ് റഷ്യയുടെയും റഷ്യന്‍ ഡോക്ടര്‍മാരുടെയും അവകാശ വാദം. മരുന്ന് നല്‍കുന്നതോടെ പ്രതിരോധ ശക്തി കൂടുമെന്നും അങ്ങനെ രോഗത്തെ പ്രതിരോധിക്കാമെന്നും അവര്‍ പറയുന്നു. ജൂലൈ 13നു മാത്രമാണ് റഷ്യന്‍ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്.
ആഗസ്റ്റ് മൂന്നിനാണ് തങ്ങള്‍ പുതിയ വാക്സന്‍ പരീക്ഷിച്ചുവരികയാണെന്ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യ പ്രഖ്യാപിച്ചത്. ക്ലിനിക്കല്‍ പരിശോധനയുടെ ഒരു വിവരവും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ജനങ്ങളില്‍ മരുന്ന് ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് മൂന്നാംഘട്ട പരീക്ഷണമെന്നാണ് റഷ്യയുടെ വാദം.
പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മകള്‍ മരിയയ്ക്ക് ആദ്യ ഘട്ടത്തില്‍ മരുന്നു നല്‍കിയെന്നും ചെറിയ പനിയല്ലാതെ മറ്റൊരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും പുടിന് പറയുന്നു.
ഇന്ത്യന്‍ വാക്സിനും വിവാദവും
ഹൈദരാബാദിലെ സ്വകാര്യ ഔഷധ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക്കും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്് വൈറോളജിയും ഐസിഎംആറും ചേര്‍ന്നാണ് ഇന്ത്യന്‍ വാക്സിന് വികസിപ്പിച്ചത്. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം (തെരഞ്ഞെടുത്ത രോഗികളില്‍ കുത്തിവയ്ക്കുക) രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്.
ഈ മരുന്നിന്റെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്ത പരന്നതോടെ തന്നെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഇതിന്റെ പേരില്‍ മോദിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.
മരുന്ന് വികസിപ്പിച്ചതായുള്ള പ്രഖ്യാപനം 15ന് നടക്കുമെന്ന് പ്രഖ്യാപിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിലായിരുന്നു മനഃപൂര്‍വം വിവാദമുണ്ടാക്കിയത്. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി വരികയാണ്. എന്നിട്ടു പോലും ഇന്ത്യ ഇക്കാര്യത്തില്‍ മൗനം പാലിച്ചു.
അന്ന് മോദിക്കും ഇന്ത്യന്‍ ഗവേഷകര്‍ക്കുമെതിരെ ആരോപണമുന്നയിക്കുകയും വിവാദമുണ്ടാക്കുകയും ചെയ്ത ഒരു വിഭാഗം മാധ്യമങ്ങളും നേതാക്കളും റഷ്യയുടെ നടപടിയില്‍ ആവേശം കൊള്ളുകയാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: