തൃശൂര്‍: ദുബായ് റെഡ്ക്രസന്റിന്റെ സഹായത്തോടെയുള്ള ലൈഫ് മിഷന് ഫഌറ്റ് നിര്‍മ്മാണത്തിന് കരാര്‍ ഉറപ്പിച്ചത് സ്വപ്നയുടെ സഹായത്തോടെയെന്ന് നിര്‍മ്മാണക്കമ്പനിയുടമ. ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ പതിനെട്ടരക്കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നും നിര്‍മ്മാണക്കമ്പനിയായ യുണിടാക് സിഇഒ സന്തോഷ് ഈപ്പന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സ്വപ്നയ്ക്കൊപ്പം കരാര്‍ ഉറപ്പിക്കാന്‍ ഇപ്പോള്‍ പിടിയിലായ സന്ദീപും ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് കമ്മീഷന് നല്‍കിയെന്ന കാര്യവും സന്തോഷ് ഈപ്പന് സമ്മതിച്ചു. എന്നാല്‍ തുക എത്രയെന്ന് വെളിപ്പെടുത്തിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ദുബായ് റെഡ്ക്രസന്റുമായാണ് കരാര്‍ എന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. അറബികളുമായി സംസാരിച്ച് കരാര്‍ ഉറപ്പിക്കാന്‍ സ്വപ്നയും സന്ദീപും സഹായിച്ചു. ഇതിന് പകരമായി സ്വപ്ന കമ്മീഷന് ആവശ്യപ്പെട്ടു.
സാധാരണ സ്വകാര്യ കരാര്‍ ലഭിക്കാന്‍ പലര്‍ക്കും കമ്മീഷന് നല്‍കാറുണ്ട്. അതുപോലെ ഇവിടെയുമുണ്ടായിട്ടുണ്ട്. ഇതുവരെയായി പതിനാല് കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക ലഭിക്കാനുണ്ട്.
സന്തോഷ് ഈപ്പനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തോടും ഇതേ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കാനുള്ള നീക്കമാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലെന്നും സൂചനയുണ്ട്. സര്‍ക്കാരിന് കരാറുമായി ബന്ധമില്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ വടക്കാഞ്ചേരി നഗരസഭയുടെ രേഖകളില്‍ ഈ തുക ഉപയോഗിച്ച് ഫഌറ്റ് നിര്‍മ്മിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ്. 2019 സെപ്തംബറിലാണ് നിര്‍മ്മാണമാരംഭിക്കുന്നത്. റവന്യു വകുപ്പിന്റെ ഭൂമിയില്‍ നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത് ലൈഫ്് മിഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണമെന്നാണ് നഗരസഭയുടെ രേഖകളിലുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: