മുക്കം: മണാശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ ജയവല്ലി കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന മണാശ്ശേരിയില്‍ ബിര്‍ജു നേരത്തെ താമസിച്ചിരുന്ന വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ വി.എസ്. മുരളീധരന്, എഎസ്ഐ എം.കെ. സുകു, എസിപിഒ കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തിയത്.
ജയവല്ലി കൊലപാതക കേസ് മുക്കം പോലീസും ഇസ്മയില്‍ കൊലപാതക കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാല്‍ രണ്ട് കേസും ഒരു ഏജന്‍സി തന്നെ അന്വേഷിക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് ജയവല്ലി കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കാരണം. ജയവല്ലി കേസുമായി ബന്ധപ്പെട്ട് മുക്കം പോലീസ് നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നു.
അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയതുള്‍പ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൈംബ്രാഞ്ചിന് പോലും ലഭിക്കാത്ത വിവരങ്ങള്‍ ലഭിച്ചിരുന്നത്. സംഭവദിവസം രാവിലെ 10 മണിക്ക് മുക്കം ബസ് സ്റ്റാന്റിലെ ഒരു ചായക്കടയില്‍ വെച്ചാണ് തന്റെ അമ്മയെ കൊലപ്പെടുത്താന്‍ ബിര്‍ജു ഇസ്മായിലുമായി അവസാന ഗൂഡാലോചന നടത്തിയത്. കൃത്യം നടത്തുന്നതിനായി വൈകിട്ട് ആറ് മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തിരിച്ചു പോയി. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് വീണ്ടുമെത്തി കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തില്‍ തോര്‍ത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മയിലിന്റെ സഹായത്തോടെ ഫാനില്‍ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും നിസാരകാര്യത്തിന് കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം പ്ലാന്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഉള്ളില്‍ നിന്ന് വാതില്‍ അടച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇസ്മായില്‍ പുറത്തേക്ക് പോവുകയും ചെയ്തതായും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
രണ്ട്ലക്ഷം രൂപയാണ് ഇസ്മായിലിന് ബിര്‍ജു ഓഫര്‍ ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിര്‍ജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇസ്മായിലുമായി ബന്ധം സ്ഥാപിച്ചത്. ഏക്കര്‍ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിര്‍ജുവിന്റെ അച്ഛന് വാസു സ്വത്ത് ചോദിച്ചുള്ള ബിര്‍ജുവിന്റെ നിരന്തരമായ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നുണ്ട്.
അമ്മയുടെ പേരിലുള്ള മണാശ്ശേരിയിലെ സ്ഥലം വില്‍പ്പന നടത്തുവാന്‍ അനുവദിക്കാതിരുന്നതിനാലും അമ്മയുടെ ബാങ്ക് ബാലന്‍സ് കൈക്കലാക്കുന്നതിനുമായാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. ബിര്‍ജുവും ഭാര്യയും അമ്മയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിര്‍ജു സംഭവശേഷം ഉള്ളില്‍ നിന്ന് ബാത്ത് റൂം വഴി പുറത്തിറങ്ങി താന്‍ ബാത്ത് റൂം പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു.
നാട്ടുകാര്‍ എത്തിയപ്പോള്‍ പെട്ടെന്ന് മൃതദേഹം താഴെയിറക്കാന്‍ ധൃതികൂട്ടിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അമ്മയുടെ മുടി കെട്ടി തൂക്കിയ കയറിന് ഉള്ളിലായതും മുടി കീറി പറിച്ച രീതിയില്‍ കണ്ടെത്തിയതും മുഖത്ത് പിടിവലിയുടെ ലക്ഷണം തോന്നിപ്പിക്കുന്നതും അന്നത്തെ ഫോട്ടോയില്‍ നിന്ന് പോലീസ് മനസിലാക്കി. ഇതും കൊലപാതകത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇത് സംബന്ധിച്ച് മൊഴികള്‍ ഉള്ളതായും പോലീസ് കണ്ടെത്തിയിരുന്നു.
ലക്ഷ്യം പൂര്‍ത്തീകരിച്ച ബിര്‍ജു അമ്മയുടെ പേരില്‍ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ഏഴ് ലക്ഷം ഒരു മാസത്തിനു ള്ളില്‍ പിന്‍വലിക്കുകയും ഉടനെ മണാശ്ശേരിയിലെ സ്ഥലം വില്‍പ്പന നടത്താന്‍ ശ്രമം നടത്തുകയും ചെയ്തിതിരുന്നു. 30 ലക്ഷം രൂപക്കാണ് മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വര്‍ഷത്തിന് ശേഷം വിറ്റത്. തുടര്‍ന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂര്‍ സ്വദേശി ഇസ്മായില്‍ പ്രതിഫലമായ രണ്ട് ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: