ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇനി പോരാട്ടം കടുക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങുകയാണ്. ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്മന്സ് (പിഎസ്ജി) ഇറ്റാലിയന്‍ ടീമായ അറ്റ്ലാന്റയുമായി മാറ്റുരയ്ക്കും. ഇന്ത്യന്‍ സമയം രാത്രി 1230 നാണ് കിക്കോഫ്.
നാളെ രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആ.ബി. ലീപ്സിഗ് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വെള്ളിയാഴ്ചയാണ് ക്ലാസിക് പോരാട്ടം. അന്ന് രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ബാഴ്സലോണ പോളീഷ് സ്ട്രൈക്കര്‍ ലെവന്‍ഡോസ്കി നേതൃത്വം നല്കുന്ന ബയേണ്‍ മ്യൂണിക്കിനെ എതിരിടും. നിലവിലെ ബുന്ദസ് ലിഗ ചാമ്പ്യന്മാരാണ് ബയേണ്‍.
ശനിയാഴ്ച രാത്രി നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്പിക് ലിയോണുമായി കൊമ്പുകോര്‍ക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 19, 20 തീയതികളില്‍ നടക്കും. ഈ മാസം 24 നാണ് കിരീടപ്പോരാട്ടം.
അറ്റ്ലാന്റയ്ക്കെതിരെ ഇന്ന് പോരിനിറങ്ങുന്ന പിഎസ്ജിയുടെ പല കളിക്കാരും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇത് പിഎസ്ജിക്ക് ആശ്വാസം പകരുന്നു. ഈ ബ്രസീലിയന്‍ സ്ട്രൈക്കറുടെ ചിറകിലേറി സെമിഫൈനലിലേക്ക് പറക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി. പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും ഫ്രഞ്ച് സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ ഇന്ന് കൡക്കുമോയെന്ന് കണ്ടറിയണം. നെയ്മറും എംബാപ്പെയും ചേര്‍ന്ന് ഇതുവരെ പിഎസ്ജിക്കായി 160 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഞാന്‍ മികച്ച ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാഗ്രഹിക്കുന്നു. കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ്. ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കുമെന്ന് നെയ്മര്‍ പറഞ്ഞു.
രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 3-2 ന് തോല്‍പ്പിച്ചാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സീരി എ ടീമായ അറ്റ്ലാന്റ പ്രീ ക്വാര്‍ട്ടറില്‍ വലന്‍സിയയെ 8-4 ന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: