തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു വേണ്ടി മത്സരിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഫ്ളവേഴ്സ്, 24 ന്യൂസ് എന്നീ ചാനലുകളുടെ മേധാവി ശ്രീകണ്ഠന് നായരും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മിനുള്ളില്‍ ആഭ്യന്തരമായി നടന്ന അനൗദ്യോഗിക ചര്‍ച്ചകളിലാണ് ചാനല്‍ രംഗത്തെ പ്രമുഖനായ ശ്രീകണ്ഠന് നായരെ ഇടതു ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും ഒരുത്തിരിഞ്ഞത്. കൊട്ടാരക്കരയ്ക്കടുത്ത് മേലില സ്വദേശിയാണ് ശ്രീകണ്ഠന് നായര്‍. അതുകൊണ്ടു തന്നെ കൊട്ടാരക്കര നിയമസഭ സീറ്റാണ് അദ്ദേഹത്തിനുള്ള വാഗ്ദാനം. കൊട്ടാരക്കര സീറ്റ് സിപിഎം മുന്നോട്ടു വയ്ക്കാന്‍ മറ്റു കാരണങ്ങളുമുണ്ട്.
നിലവില്‍ സിപിഎമ്മിന്റെ ഐഷ പോറ്റി മൂന്നാംതവണയാണ് കൊട്ടാരക്കരയില്‍ നിന്നു മത്സരിച്ചു ജയിച്ചത്. കൊട്ടാരക്കര സീറ്റില്‍ യുഡിഎഫിനു വേണ്ടി വര്‍ഷങ്ങളായി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് (ബി) ആണ്.. കൊട്ടാരക്കരയും തൊട്ടടുത്ത മണ്ഡലം പത്തനാപുരവുമാണ് കേരള കോണ്‍ഗ്രസ് (ബി) മത്സരിക്കുന്ന സീറ്റുകള്‍. ഇതില്‍ പത്തനാപുരത്ത് നിന്ന് കെ.ബി. ഗണേഷ് കുമാര്‍ നിരവധി തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പട്ട നേതാവാണ്. കൊട്ടാരക്കരയില്‍ ആര്. ബാലകൃഷ്ണപിള്ളയാണ് മത്സരിക്കുന്നത്. 2006 ല്‍ ഐഷ പോറ്റിയോടു ബാലകൃഷ്ണപിള്ള പരാജയപ്പെട്ടു. 2011 തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥി ഡോ. എന്‍. മുരളിയെ ആണ് ഐഷ പോറ്റി തോല്‍പ്പിച്ചത്. പിന്നീട് യുഡിഎഫുമായി പിണങ്ങി മുന്നണി വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞതവണ ഐഷ പോറ്റിയെ കേരള കോണ്‍ഗ്രസ് ബിയും കൊട്ടാരക്കരയില്‍ പിന്തുണയ്ക്കുകായിരുന്നു. ഇനിയൊരു അവസരം ഐഷ പോറ്റിക്ക് സിപിഎം നല്‍കില്ല. പകരം പാര്‍ട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠന് നായരെ മത്സരിപ്പിക്കണമെന്ന് ആലോചന ആണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുള്ളത്. ശ്രീകണ്ഠന് നായരുമായി അടുപ്പമുള്ള സിപിഎം നേതാക്കള്‍ ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചതായാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
മാധ്യമരംഗത്തുള്ളവരെ പാര്‍ട്ടിയേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തു തിളങ്ങിനില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്കി മത്സരിപ്പിക്കുന്ന രീതി സിപിഎം ആരംഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വീണ ജോര്‍ജിനും അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറിനും സിപിഎം സീറ്റു നല്കി. ഇരുവരും ചാനല്‍ രംഗത്ത് സജീവമായ സമയത്താണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇതില്‍ വീണ ജോര്‍ജ് വിജയിച്ചെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജിയോട് നികേഷ് പരാജയപ്പെട്ടു. തോല്‍വിക്കു ശേഷം പിന്നീട് വീണ്ടും മാധ്യമരംഗത്തേക്ക് നികേഷ് മടങ്ങുകയായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ മാധ്യമരംഗത്തെ സജീവസന്നിധ്യമായ ശ്രീകണ്ഠന് നായരെ കൂടി ഇടതുകേന്ദ്രത്തില്‍ എത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: