കാസര്‍കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദുരന്തത്തിനു പിന്നാലെ പത്തു വര്‍ഷം മുമ്പ് മംഗലാപുരം ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടവും ചര്‍ച്ചയാവുന്നു. 2010 മെയ് 22നായിരുന്നു മംഗലാപുരത്തെ ദുരന്തം. ആറു വിമാന ജീവനക്കാരടക്കം 158 പേര് വെന്തുമരിച്ചു, എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍.
എല്ലാ ഭാഗവും ചരിവുകളോടെ ഉയര്‍ന്നു നില്ക്കുന്ന ഭൂപ്രകൃതിയാണു മംഗലാപുരം വിമാനത്താവളത്തിന്റെ പ്രത്യേകത. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അപകടത്തിനിടയാക്കിയത്. പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. ഗോ എറൗണ്ട് (അവസാന നിമിഷം ലാന്‍ഡിങ് റദ്ദാക്കി വീണ്ടും പറന്നുയര്‍ന്ന് ചുറ്റിപ്പറക്കല്‍) പോകാന്‍ വിസമ്മതിച്ച് ലാന്‍ഡ് ചെയ്തതോടെ വിമാനം ഗര്‍ത്തത്തിലേക്കു പോയി തകര്‍ന്ന് തീപിടിക്കുകയായിരുന്നു.
മംഗലാപുരം വിമാനത്താവളത്തിന്റെ റണ്‍വേക്കു 2450 മീറ്റര്‍ നീളമുണ്ട്. 90 മീറ്റര്‍ മാത്രമാണു സേഫ്റ്റി ഏരിയ. ഇതുകഴിഞ്ഞാല്‍ ചെരിവാണ്. റണ്‍വേയില്‍ നിശ്ചിത സ്ഥാനത്തു നില്‍ക്കാതെ സേഫ്റ്റി ഏരിയയിലേക്കു കടന്നാല്‍ 90 മീറ്ററിനകം വിമാനം നിയന്ത്രിച്ചു നിര്‍ത്തണം. ഇല്ലെങ്കില്‍ കുത്തനെയുള്ള ചെരിവിലേക്കു വീഴും. ഇതാണു സംഭവിച്ചതും.
സമീപത്തുള്ള കാട്ടില്‍ വീഴുമ്പോള്‍ വിമാനം പല കഷ്ണങ്ങളായിരുന്നു. ചിറകുകള് അപകടത്തുടക്കത്തിലും വാല് പിന്നീടും ഇളകിത്തെറിച്ചു. വിമാനത്തിനു തീ പിടിച്ചു. ദുരന്തമുണ്ടാകുമ്പോള്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നെന്നും മൊഴിയുണ്ടായിരുന്നു.
വിമാനം റണ്‍വേയില്‍ തൊടേണ്ട ടച്ച് ഡൗണ്‍ പോയിന്റും പിന്നിട്ടാണു നിലത്തിറങ്ങിയതെന്നും കണ്ടെത്തി. മുന്‍ എയര്‍മാര്‍ഷല്‍ ഭൂഷണ് നീലകണ്ഠ ഗോഖലെയുടെ നേതൃത്വത്തില്‍ എസ്.എസ്. നാഥ്, ക്യാപ്റ്റന്‍ റോണ്നഗര്, ബാബു പീറ്റര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ദീപക് കൗര്‍, ഗുരുചരണ്‍ ഭട്ടൂറ എന്നിവര്‍ അംഗങ്ങളായി കോര്‍ട്ട് ഓഫ് എന്‍ക്വയറി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളതെന്നു വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയ രണ്ടു വിമാനത്താവളങ്ങളിലൊന്നായിരുന്നു മംഗലാപുരം. മറ്റൊന്ന് സിംലയാണ്. ബോയിങ് വിമാനം ഉള്‍പ്പെടെയുള്ള രാജ്യന്തര സര്‍വീസുകള്‍ നടത്തുന്നതിനു റണ്‍വേയ്ക്കു 2700 മീറ്റര്‍ നീളവും 300 മീറ്റര്‍ വീതിയും വേണമെന്നാണ് വ്യവസ്ഥ. ശക്തമായ മഴയും മൂടല്‍ മഞ്ഞും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് സങ്കീര്‍ണമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: