തൃശൂര്‍: ജില്ലയില്‍ ഇന്നലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ തോതില്‍ മഴ പെയ്യാതിരുന്നത് തീരദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പഞ്ചായത്തുകളായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റവും കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
മഴ കുറഞ്ഞെങ്കിലും വെള്ളം പൂര്‍ണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല. കനോലി കനാലിലും വെള്ളം താഴ്ന്നു തുടങ്ങിയത് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍, മഴ എത്തിയാല്‍ വെള്ളം കയറുമെന്ന ഭീതിയില്‍ നില്‍ക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. കയ്പമംഗലം ചളിങ്ങാട് അമ്പല നട കിഴക്ക് 25 കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്.
ചെറു റോഡുകളില്‍ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടും കടല്‍ക്ഷോഭവുമുള്ള പ്രദേശങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എടത്തിരുത്തി മുതല്‍ കാക്കാത്തിരുത്തി വരെയാണ് കനാല്‍ നിറഞ്ഞ് പ്രദേശം വെള്ളക്കെട്ടിലായത്. എടത്തിരുത്തി പൈനൂര്‍, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റര്‍, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓര്‍മ വളവ്, ചളിങ്ങാട് പള്ളി കിഴക്ക് എന്നീ പ്രദേശങ്ങളിലും അഴീക്കോട് സൂനാമി കോളനി മുതല്‍ മതിലകം കൂളിമുട്ടം വരെ കടല്‍ ക്ഷോഭ ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങളിലും സ്ഥിതി ശാന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക