കുമളി: തമിഴ്‌നാട്ടിലെ ഏലം തോട്ടം ഉടമകളെ സന്തോഷിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇറങ്ങി പുറപ്പെട്ടതാണ് ഹൈറേഞ്ചിലെ ഏലത്തോട്ട മേഖലയില്‍ കൊറോണ രോഗവ്യാപനത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് ഏകദിന പ്രവേശനാനുമതി നല്‍കി ആയിരക്കണക്കിന് ആളുകളെയാണ് അധികൃതര്‍ കുമളി ചെക് പോസ്റ്റ് വഴി ഇടുക്കിയിലേക്ക് കടത്തിയത്. ഇവര്‍ കേരളത്തില്‍ സ്വന്തമായി രേഖകള്‍ ഉള്ളവരാണ് എന്നതായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാല്‍ തമിഴ് നാട്ടുകാരായ വന്‍കിട തോട്ടം ഉടമകളുടെ എസ്സ്‌റ്റേറ്റുകളിലെ തൊഴിലാളികളായിരുന്നു ഏറെയും. നിരവധി പേര്‍ കൃത്രിമ രേഖകളുമായും ഇടുക്കിയിലെത്തി. അതിര്‍ത്തിയിലെ നാമമാത്ര പരിശോധനക്ക് ശേഷം ഏലത്തോട്ടങ്ങളിലെത്തിയ ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാതെ ജോലിക്ക് പോയി തുടങ്ങി. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ക്ക് പോലും ഇത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്നവര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു ശൗചാലയങ്ങളും, കിണറുകളും ഉപയോഗിച്ചിരുന്നു. താല്ക്കാലിക പാസുമായി അതിര്‍ത്തിയിലെത്തിയവര്‍ തിരികെ മടങ്ങിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടപടിയും, കൈക്കൊള്ളാതിരുന്നത് കൂടുതല്‍ പേര്‍ ഇവിടെ തമ്പടിക്കാന്‍ കാരണമായി. ഇക്കഴിഞ്ഞ ദിവസം ചക്കുപള്ളം പഞ്ചായത്തിലെ തോട്ടം തൊഴിലാളി മേഖലയായ മേപ്പാറയില്‍ കുഴഞ്ഞുവീണ് മരിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇയാള്‍ക്ക് പരിസരത്തെ നിരവധി വാര്‍ഡുകളിലെ തൊഴിലാളികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു. വ്യക്തമായ സമ്പര്‍ക്ക പട്ടിക പോലും അധികൃതര്‍ തയ്യാറാകാത്തത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമായേക്കാം. സിപിഎമ്മിന്റെയും അവരുടെ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും തോട്ടം മുതലാളിമാര്‍ക്ക് വേണ്ടിയുള്ള അനധികൃത ഇടപെടലുകളാണ് ഹൈറേഞ്ചില്‍ സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: