തൃശൂര്‍: കനത്ത മഴയില്‍ കനോലി കനാല്‍ നിറഞ്ഞതോടെ തീരദേശ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാല്‍ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് വെള്ളക്കെട്ടിലായത്. എടത്തിരുത്തി മുതല്‍ കാക്കാത്തിരുത്തി വരെയാണ് കനാല്‍ നിറഞ്ഞത്. ഇവിടെ നിന്നും ആളുകള്‍ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട പലയിടങ്ങളിലും ശുദ്ധജല സ്രോതസുകളില്‍ ഉപ്പുവെള്ളം കയറി. പ്രദേശത്തെ പ്രധാനപ്പെട്ട റോഡുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം ഉള്‍നാടന്‍ റോഡുകളും വെള്ളത്തിലാണ്.
എടത്തിരുത്തി പൈനൂര്‍, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റര്‍, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓര്മ വളവ്, ചളിങ്ങാട് പള്ളി കിഴക്ക് എന്നീ പ്രദേശങ്ങളും വഴിയമ്പലം ഗാര്ഡിയന് റോഡ് തുടങ്ങി പ്രധാനപ്പെട്ട റോഡുകളുമെല്ലാം വെള്ളക്കെട്ട് നേരിടുകയാണ്. എറിയാട് പഞ്ചായത്ത് മേഖലയില്‍ കടല്‍ ക്ഷോഭവും ശക്തമാണ്. പ്രദേശത്ത് കടല്‍ കരയിലേക്ക് കയറി.
തീരപ്രദേശത്തെ തോടുകളും പുരയിടങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതല്‍ എവിലങ്ങ് കാര വാക്കടപ്പുറം വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷം. കടലേറ്റവും വെള്ളക്കെട്ടും രൂക്ഷമായതോടെ തീരദേശ മേഖലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും. നിലവില്‍ ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂള്‍, എടവിലങ്ങ് ഫിഷറീസ് സ്കൂള്‍ എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലായി കുട്ടികളടക്കം 14 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. കാര ഫിഷറീസില്‍ മൂന്ന് കുടുംബങ്ങളിലായി എട്ട് പേരും പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലായി 14 പേരും ആണുള്ളത്. വെള്ളക്കെട്ടുള്ള പ്രദേശത്തെ ഭൂരിഭാഗം പേരും കോവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുവീടുകളിലേക്കാണ് താമസം മാറുന്നത്.
126 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കനത്ത മഴയെ തുടര്‍ന്ന് തൃക്കൂര് ഗ്രാമപഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറി. കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ 5 താലൂക്കുകളിലായി 27 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അതില്‍ 126 കുടുംബങ്ങള്‍ കഴിയുന്നു. മൂന്ന് ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്ൈറനില് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട നിലവില്‍ 29 പേര് ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ ക്യാമ്പുകളിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: