വെള്ളറട: കൊറോണ കാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്കും ജാഗ്രതാപ്രവര്ത്തനങ്ങള്ക്കും സ്വന്തം സുരക്ഷിതത്വം പോലും അവഗണിച്ച് സേവനം ചെയ്യുന്ന പോലീസുദ്യോഗസ്ഥരെയും കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ രോഗബാധിതരായ പോലീസുകാരെയുംക്കുറിച്ച് വാര്‍ത്തകളില്‍ നിന്നറിഞ്ഞ് ഒരു ആറാം ക്ലാസ്സുകാരി കഴിഞ്ഞദിവസം മാരായമുട്ടം പോലീസ് സ്റ്റേഷനിലെത്തി. നാലു ദിവസങ്ങള്‍കൊണ്ട് താന്‍ നിര്‍മിച്ച അമ്പതിലേറെ ഫെയിസ് ഷീല്‍ഡു നല്‍കാനായിരുന്നു ആനാവൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അനുഗ്രഹ പോലീസ് സ്റ്റേഷനില്‍ രക്ഷിതാവിനോടും അധ്യാപകനോടുമൊപ്പെമെത്തിയത്.
വാര്‍ത്തകളും സാമൂഹിക വിഷയങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്ന അനുഗ്രഹ സ്വയം നിര്‍മിച്ചവയാണ് ഷീല്ഡുകളെല്ലാം. ആരോഗ്യപ്രവര്‍ത്തകരായ പൂവത്തൂര്‍ സ്വദേശി റെജിന്‍നാഥ്- ഷീജ ദമ്പതികളുടെ മകളാണ് അനുഗ്രഹ. പോലീസുകാര്‍ക്ക് ഡ്യൂട്ടിയില്‍ ഫെയിസ് ഷീല്‍ഡ് ധരിക്കാന്‍ കഴിഞ്ഞാല്‍ പരമാവധി സമ്പര്‍ക്ക രോഗബാധ ഒഴിവാക്കാനാവുമെന്ന മാതാവിന്റെ അഭിപ്രായമാണ് അനുഗ്രഹയെ ഷീല്‍ഡു നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. ആവശ്യമായ സാധനങ്ങള്‍ രക്ഷിതാക്കള്‍ തന്നെ വാങ്ങി നല്കി. ആവശ്യമായ സഹായങ്ങളും ചെയ്തു കൊടുത്തു. സ്ക്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീടിനുള്ളില്‍ കത്രികയും പശയും സ്കെയിലുമായി അനുഗ്രഹ കുഞ്ഞനുജന് അപ്പുവുമൊത്ത് ഷീല്‍ഡു നിര്‍മാണത്തിലേര്‍പ്പെട്ടു. സ്കൂളില്‍ നിന്നു വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വീടുകളിലെത്തിക്കാനായി തയാറായ സ്കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ആദ്യം സമ്മാനിച്ചു. എസ്പിസി ചുമതലക്കാരനായ അധ്യാപകനും കേഡറ്റുകളും അനുഗ്രഹയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍ പോലീസുകാര്‍ക്കു കൂടെ നിര്‍മിച്ചു നല്‍കണമെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പ്രചോദനവുമായി.
പോലീസ് സ്റ്റേഷനിലേക്കു ഷീല്‍ഡുകളുമായി പോകാന്‍ സ്കൂളിലെ എസ്പിസി ക്യാപ്റ്റന്‍ ഗോപികയെയും വൈസ് ക്യാപ്റ്റന്‍ അഞ്ജനയേയും അധ്യാപകനായ സൗദീഷ് തമ്പിയേയും ഒപ്പം കൂട്ടി. സ്റ്റേഷനില്‍ എസ്ഐ എം.ആര്. മൃദുല്‍കുമാറും സംഘവും അനുഗ്രഹയെ സ്നേഹപൂര്‍വം സ്വീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് അനുഗ്രഹ തന്നെ ഷീല്‍ഡുകള്‍ നല്കി. ഡ്യൂട്ടിക്കിടയില്‍ മറക്കാതെ ഉപയോഗിക്കണേ എന്ന ഉപദേശവും നല്‍കിയാണ് കൊച്ചുമിടുക്കി മടങ്ങിയത്.
:
പ്രതികരിക്കാൻ ഇവിടെ എഴുതുക: