മ്യൂണിക്ക്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ സ്പാനിഷ് ക്ലബ് സെവിയയും പ്രീമിയര്‍ ലീഗ് ടീം വോള്‍വര്‍ഹാംപ്ടണും ക്വാര്‍ട്ടറില്‍. സ്വിസ് ക്ലബ് ബാസലും ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍കുസനും അവസാനഎ എട്ടില്‍ ഇടം നേടി.
ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ തകര്‍ത്താണ് സെവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയയുടെ വിജയം. 21-ാം മിനിറ്റില്‍ സെര്‍ജി റെഗ്വിലോണും, 44-ാം മിനിറ്റില്‍ യുസഫ് എല്‍. നെസെരിയും ഗോളുകള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദം നടന്നിരുന്നില്ല.
വോള്‍വര്‍ഹാംപ്ടണ്‍ ഗ്രീക്ക് കരുത്തരായ ഒളിമ്പിയാക്കോസിനെ കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഇന്നലെ സ്വന്തം മൈതാനത്ത് ഒളിംപിയാക്കോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് വോള്‍വ്സ് വീഴ്ത്തിയത്. റൗള്‍ ജിമെന്സാണ് വിജയഗോള്‍ നേടിയത്. ആദ്യപാദം സമനിലയായിരുന്നതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോള്‍ ജയവുമായാണ് വോള്‍വ്സിന്റെ മുന്നേറ്റം.
രണ്ടാം പാദത്തില്‍ റേഞ്ചേഴ്സിനെ 1-0ന് തോല്‍പ്പിച്ച ബയേര്‍ ലെവര്കുസന് ഇരുപാദങ്ങളിലുമായി 4-1ന്റെ ജയം സ്വന്തമാക്കി. ആദ്യപാദത്തില്‍ 3-1നായിരുന്നു ലെവര്കുസന് ജയിച്ചത്. രണ്ടാം പാദത്തില്‍ 51-ാം മിനിറ്റില്‍ ഡിയാബെയാണ് ലെവര്‍കുസന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ ഇരുപാദങ്ങളിലുമായി 4-0ന് തകര്‍ത്താണ് സ്വിസ് ക്ലബ് ബാസല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ 3-0ന് ജയിച്ച ബാസല്‍ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് നേടിയത്. 88-ാം മിനിറ്റില്‍ ഫ്രെയ് ആണ് വിജയഗോള്‍ സ്വന്തമാക്കിയത്.
ക്വാര്‍ട്ടറില്‍ വോള്‍വ്സിന് എതിരാളി സെവിയ്യയാണ്. ഇന്റര്‍ മിലാന് ലെവര്‍കുസനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോപ്പന്‍ഹേഗനെ നേരിടും. ഷക്തറാണ് ബാസലിന് എതിരാളികള്‍. ഒറ്റപ്പാദ മത്സരങ്ങളായി ജര്‍മനിയിലാണ് ക്വാര്‍ട്ടര്‍ മുതലുള്ള ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: