തൃശൂര്‍: ഭാരതപ്പുഴ നീര്‍ത്തടത്തിലെ ജലവിഭവത്തെ കുറിച്ച് പഠനം നടത്താനും നദിയുടെ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാനും കേന്ദ്ര ജല കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. നിളാസംരക്ഷണ സന്നദ്ധസംഘടനയായ നിളാ വിചാരവേദിയുടെ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ആദ്യമാണ്.
സമഗ്രമായ പഠനംനടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി ക്ലീന്‍ ഗംഗാ ദേശീയ മിഷന് ഡയറക്ടര്‍ ജനറല്‍,/ കേന്ദ്ര ജല ശക്തിമിഷന്‍ സെക്രട്ടറി രാജീവ് രഞ്ജന്‍ മിശ്ര നിളാ വിചാരവേദിയെ അറിയിച്ചു.കേന്ദ്ര ജല വിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി മുന്‍പ് നടന്ന കൂടികാഴ്ച്ചയില്‍ സംഘടനാ ഭാരവാഹികള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേന്ദ്ര ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് 2018 ല്‍ നടന്ന ഭാരതപ്പുഴ നദീതട പുനരുജ്ജീവന ദേശീയ ശില്‍പ്പശാലയിലെ തീരുമാനമായിരുന്നു പുഴയെകുറിച്ചുള്ള സമഗ്രമായ പഠനവും നദീതട അതോറിറ്റി രൂപവത്ക്കരണവും.
നിളവിചാരവേദി ആരംഭിച്ച നിളാപഠന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെ റിപ്പോര്‍ട്ടുകളും ചര്‍ച്ചാവിഷയങ്ങളും സമഗ്രമായി പ്രതിപാദിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഗവേഷകനായ സ്മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നീര്‍ചാലുകള്‍, മണല്‍ കടവുകള്‍, ജൈവപരിസരം എന്നിവ രേഖപ്പെടുത്തിയ മാപ്പ് തയ്യാറാക്കി.നിളാപഠനഗവേഷണ കേന്ദ്രം ശാസ്ത്രീയപഠനവും, സര്‍വ്വേ റിപ്പോര്‍ട്ടുകളും ശേഖരിച്ച് പുതിയ വെബ് മാപ്പും തുടങ്ങി. ഭാരതപ്പുഴയിലെ ഓരോ നീര്‍ചാലുകള്‍, മണല്‍ കടവുകള്‍, ജൈവപരിസരം എന്നിവ രേഖപ്പെടുത്തിയ മാപ്പ് തയ്യാറാക്കിയത് ഗവേഷകനായ സ്മാര്‍ട്ടിന്റെ നേതൃത്വത്തിലാണ്.
കേരളസര്‍ക്കാര്‍ എടുത്ത നടപടികളും പുഴയിലെ മാലിന്യപരിഹാരവും, കൈവരിച്ച നേട്ടങ്ങളും, സ്വാഭാവിക മാറ്റങ്ങളും, തയ്യാറാക്കിയ പദ്ധതികളും പുതിയ പഠനത്തിലും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മീഷന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടിയുമായും നിളാവിചാരവേദി ഭാരവാഹികള്‍ നേരിട്ട് കൂടികാഴ്ച നടത്തിയിരുന്നു. നിളാ സംരക്ഷണ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയോടെ യാഥാര്‍ത്ഥ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: