കൊല്ലം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്. സന്ധ്യ, ഡോ. സി.ആര്. ജയശങ്കര്‍, ഡോ. മണികണ്ഠന്, പുവര്‍ഹോം സൂപ്രണ്ട് വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.
മുണ്ടയ്ക്കല്‍ പുവര്‍ഹോം അന്തേവാസികള്‍ക്ക് സേവനം ലഭ്യമാക്കിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായത്. മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന ടീമിന്റെ സേവനം ലഭ്യമാക്കി ഫീല്‍ഡില്‍ പോയി രോഗികളെ പരിശോധിക്കുകയും ആവശ്യമായ ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ സൗജന്യമായി സാധ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ വൃദ്ധമന്ദിരങ്ങള്‍, കെയര്‍ഹോമുകള്‍ ഭിന്നശേഷിക്കാരെ അധിവസിപ്പിച്ചിരിക്കുന്ന സ്ഥലം എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചികിത്സയും മറ്റു പരിശോധനകളും നടത്തും. സര്‍ക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെക്കുറിച്ചുള്ള പരിശീലനവും കോവിഡ് സംബന്ധിച്ച പരിശീലനവും ഇതിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ്പ്, മാതൃശിശു സംരക്ഷണം, പ്രാണിജന്യരോഗനിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ജീവിതശൈലി രോഗനിയന്ത്രണം തുടങ്ങി ആരോഗ്യവകുപ്പിന്റെ വിവിധപദ്ധതികളുടെ സേവനവും ഇത് വഴി ലഭ്യമാക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍, തീരദേശ, മലയോര, ട്രൈബല്‍ വിഭാഗക്കാര്‍ എന്നിവര്‍ക്കു കൂടി ആവശ്യാനുസരണം ഈ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. ഹീമോഗ്ലോബിന്‍, ഡെങ്കുപ്പനി, എലിപ്പനി, യിപിടി, പ്രമേഹം എന്നിവയുടെ ടെസ്റ്റുകളും ബ്ലഡ് സാമ്പിള്‍, സ്പൂട്ടം എന്നിവയുടെ കളക്ഷനുകളും യൂണിറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: