കോഴിക്കോട്: ബാബര്‍ ഒരു ചക്രവര്‍ത്തിയായിരുന്നുവെന്നതല്ലാതെ മുസ്ലീങ്ങള്‍ക്ക് പുണ്യപുരുഷനല്ലെന്നും അയോധ്യയിലെ പള്ളി മുസ്ലീങ്ങള്‍ക്ക് മറ്റു പള്ളികളെ പോലെ ഒരു സാധാരണ പള്ളി മാത്രമാണെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നേതാവും മുന്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന് മടവൂര്‍. മക്ക, മദീന പള്ളികള്‍ പോലെ പുണ്യമുള്ള പള്ളിയൊന്നുമല്ല അത്.
അറബി നാടുകളില്‍ റോഡ് വികസത്തിന്നും മാര്‍ക്കറ്റുകള്‍ വലുതാക്കാനുമൊക്കെയായി എത്രയോ പള്ളികള്‍ സൗകര്യത്തിന് വേണ്ടി പൊളിച്ച് വേറെ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സാധാരണമാണ്. ക്ഷേത്രത്തിന് ലഭിച്ച സ്ഥലത്ത് ക്ഷേത്രവും പള്ളിക്ക് ലഭിച്ച സ്ഥലത്ത് പള്ളിയും നിര്‍മ്മിച്ച് വിഷയം അവസാനിപ്പിക്കാന്‍ മുസ്ലിം നേതൃത്വം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അര നൂറ്റാണ്ട് കാലമായി നടക്കുന്ന തര്‍ക്കത്തിന്റെ അവസാനം കേസ് സുപ്രീംകോടതിയിലെത്തി. ഏറെ കാത്തിരുന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ അത് മുസ്ലീങ്ങള്‍ക്ക് പ്രതികൂലമായിരുന്നു. ഹിന്ദുക്കളുടെ വിശ്വാസവും വികാരവും മാനിച്ച് പള്ളിയുണ്ടായിരുന്ന ഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടു കൊടുക്കാനും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി വിധിച്ചു. പതിറ്റാണ്ടുകളായി കത്തിനില്‍ക്കുന്ന ഈ പ്രശ്നം തീര്‍ക്കാനുള്ള ഒരു മധ്യസ്ഥ തീരുമാനം പോലെയായിരുന്നു ആ വിധി.
ശ്രിരാമനെയും രാമക്ഷേത്രത്തെയും സംഘപരിവാറിന് തീറെഴുതി കൊടുക്കരുതെന്നും രാമഭക്തരായ കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി അത് അവകാശപ്പെട്ടതാണെന്നും അതിനാല്‍ പ്രിയങ്കയും മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമെടുത്ത നിലപാട് പ്രായോഗികമാണെന്നുമാണ് ഹുസൈന് വ്യക്തമാക്കിയത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്-മുസ്ലിംലീഗ് ബന്ധം തകരാന്‍ പാടില്ലെന്നും 1992-ല്‍ സുലൈമാന്‍ സേഠിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും വാദങ്ങള്‍ക്കെതിരായി നിന്ന് മുസ്ലിം ലീഗ് ഭരണം വിടരുതെന്ന നിലപാട് മുജാഹിദ് വിഭാഗം കൈക്കൊണ്ടിരുന്നുവെന്നും ഹുസൈന് ഓര്‍മ്മിപ്പിക്കുന്നു.
ബാബറി മസ്ജിദ് പ്രശ്നം അവസാനിപ്പിച്ച് സമുദായ പുരോഗതിക്ക് വേണ്ട അജണ്ടകളുമായാണ് മുന്നോട്ട് പോകേണ്ടതെന്നും ഹസൈന് മടവൂര്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. മുസ്ലിംലീഗിനെതിരെ സമസ്തയടക്കമുള്ള സുന്നി സംഘടനകള്‍ തീവ്രനിലപാടുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുജാഹിദ് വിഭാഗം നേതാവിന്റെ പുതിയ നിലപാട് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: