ന്യൂദല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യ സൈനികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. തണുപ്പ് പ്രതിരോധിക്കുന്ന ടെന്റുകളും, വസ്ത്രങ്ങളും, ഹെല്‍മെറ്റുകളും മറ്റും വലിയ തോതില്‍ എത്തിച്ചുതുടങ്ങി. ചൈനയുടെ സൈനിക പിന്മാറ്റം വളരെ സാവധാനത്തിലായതിനാല്‍, ദീര്‍ഘകാലം നമ്മുടെ സൈനികര്‍ക്കും അതിര്‍ത്തിയില്‍ തുടരേണ്ടിവരുമെന്നുറപ്പായതിനാലാണിത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്നലെ സേന പിന്മാറ്റം ചര്‍ച്ച ചെയ്തു. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചകളും കാര്യമായ തീരുമാനമില്ലാതെ പിരിഞ്ഞു.
പാങ്ഗോങ് സോയിലെ ഫിംഗര്‍ നാല്, ഫിംഗര്‍ എട്ട് എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം ഇനിയും പിന്മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കരുതല്‍ വേണമെന്ന നിലപാടിലാണ് സര്‍ക്കാരും സൈന്യവും. അതിനാലാണ് സൈനികര്‍ക്കായി പുതിയ ശൈത്യകാല കുപ്പായങ്ങളും ടെന്റുകളും ഒരുക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ കുടിലുകളും ധ്രുവപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന തരം ടെന്റുകളും ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വലിയ കണ്ടെയ്നറുകളും സജ്ജമാക്കുന്നുണ്ട്. ഇതിനു പുറമേ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയും മലനിരകള്‍ക്കു മുകളിലുള്ള സൈനികത്താവളങ്ങളില്‍ എത്തിച്ചു. മഞ്ഞില്‍ അണിയുന്ന കണ്ണടകള്‍, പല പാളികളുള്ള കൈയുറകള്‍, സോക്സുകള്‍ എന്നിവയും എത്തിച്ചു. മൈനസ് 35 ഡിഗ്രിയാണ് ഇവിടുത്തെ താപനില. ആയുധങ്ങളും ആന്റി ടാങ്ക് മിസൈലുകളും ഡ്രോണുകളും 72,000 അസോള്‍ട്ട് റൈഫിളുകളും അടിന്തരമായി അമേരിക്ക, ഇസ്രായേല്‍, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: