കോതമംഗലം: ക്ലബ്ബ് കെട്ടിടത്തിന്റെ വാടകയ്ക്ക് പകരം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊതുനിരത്തിലെ സോളാര്‍ ലൈറ്റും ബാറ്ററിയും കെട്ടിട ഉടമയ്ക്ക് നല്‍കിയതായി പരാതി. നെല്ലിക്കുഴി മുണ്ടയ്ക്കപ്പടിയില്‍ സ്ഥാപിച്ചിരുന്ന 50000 രൂപയോളം വിലവരുന്ന സോളാര്‍ വഴിവിളക്കും ബാറ്ററിയുമാണ് തുച്ഛമായ വാടക തുകയ്ക്ക് പകരമായി കെട്ടിട ഉടമയ്ക്ക് വിറ്റത്.
മുന്‍ മന്ത്രി ടി.യു. കുരുവിള കോതമംഗലം എംഎല്‍എ ആയിരുന്ന കാലത്ത് അന്നത്തെ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റും സ്ഥലം വാര്‍ഡ് മെമ്പറുമായിരുന്ന എം.എം. അബ്ദുള്‍ കരീമിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സോളാര്‍ വൈദ്യുത വിളക്ക് സ്ഥാപിച്ചത്. കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ നിരവധി സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഇവ മിക്കതും പലരാലും മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ മുണ്ടയ്ക്കപ്പടിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു വരെ പ്രകാശിച്ചിരുന്നതാണ്. ഇതാണ് സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിറ്റിരിക്കുന്നത്.
കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ എന്ന വ്യാജേനയാണ് സോളാര്‍ ലൈറ്റ് സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റിയത്. പിന്നീട് ഹൈമാസ്റ്റ് ലൈറ്റ് മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചപ്പോഴാണ് ഇതുസംബന്ധിച്ച സിപിഎമ്മിന്റെ കള്ളക്കളി പുറത്തുവരുന്നത്. അഴിച്ചു മാറ്റിയ സോളാര്‍ ലൈറ്റും ബാറ്ററിയും രണ്ടു മാസത്തേ വാടകയായി കണ്ട് 2000 രൂപയ്ക്കാണ് സിപിഎം പ്രവര്‍ത്തകര്‍ വിറ്റത്. ക്ലബ് കെട്ടിടത്തിന്റെ വാടക പിന്നീട് നല്കിയപ്പോള് ഇത്രയും തുക കുറച്ചാണ് നല്‍കിയത്.
അതേസമയം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ആദ്യം കണ്ടെത്തിയ സ്ഥലത്തിനെതിരെ സമീപത്തെ കെട്ടിട ഉടമ പരാതിയുമായി എംഎല്‍എ സമീപിച്ചതോടെ മുണ്ടയ്ക്കപ്പടിയിലെ ഹൈമാസ് ലൈറ്റ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. പിന്നീട് ഒത്തു തീര്‍പ്പ് വ്യവസ്ഥയായി നേരത്തെ സോളാര്‍ ലൈറ്റ് സ്ഥാപിച്ചതിന് സമീപത്തേക്ക് ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. ഇതോടെ മാസങ്ങളായി മുണ്ടയ്ക്കപ്പടിയില്‍ വഴി വഴിവിളക്ക് ഇല്ലാത്ത നിലയിലാണ്.
സോളാര്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റാനോ വില്‍ക്കാനൊ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ലൈറ്റ് നഷ്ടപ്പെട്ടത് മോഷണമായി തന്നെ കണക്കാക്കണമെന്നും നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ റംല പരീത് പരാതിപ്പെട്ടു.
സോളാര്‍ ലൈറ്റുകള്‍ അഴിച്ചു മാറ്റി വിറ്റവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പൊതു മുതല്‍ വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ കോതമംഗലം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് തെരുവ് വിളക്കില്ലാതായതോടെ പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹിക ദ്രോഹികളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: