അടിമാലി: അടിമാലി മേഖലയില്‍ കനത്ത മഴ. കഴിഞ്ഞ രണ്ട് ദിവസമായി അടിമാലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. കല്ലാര്‍ മാങ്കുളം റോഡില്‍ നിരവധി സ്ഥലത്ത് മരങ്ങള്‍ നിലംപതിച്ച് ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റെത്തി മരങ്ങള്‍ മുറിച്ച് നീക്കി. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് വെള്ളമൊഴുക്കുകയാണ്. തിങ്കളാഴ്ച്ച വൈകിട്ട് ഒരു ഷട്ടറായിരുന്നു ആദ്യം ഉയര്‍ത്തിയത്. ചൊവ്വാഴ്ച്ച രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിച്ചു. അടിമാലി അമ്പലപ്പടിയില്‍ മരച്ചില്ല ഒടിഞ്ഞ് ചാടി വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു.
അടിയന്തിര സാഹചര്യത്തില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. രാജാക്കാട് മേഖലയിലും കനത്തനാശമാണ് സംഭവിച്ചിട്ടുള്ളത്. കൃഷിനാശത്തിനൊപ്പം വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ഹൈറേഞ്ച് മേഖലയിലെ പുഴകളിലും കൈത്തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു.
ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷി നാശം മണിയാറന്‍ കുടിയില്‍ തഴത്തും മോഡയില്‍ ജോയിയുടെ ഏത്ത വാഴത്തോട്ടമാണ് കഴിഞ്ഞ രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ചത്. മണിയാറന്‍കുടി സിറ്റിക്ക് സമീപം സ്ഥലം പാട്ടത്തിനെടുത്താണ് ജോയി വാഴകള്‍ നട്ടത്. കുലകള്‍ പാതി മൂപ്പെത്തിയിരുന്നു. അഞ്ഞൂറ് വാഴകള്‍ നട്ടതില്‍ നാനൂറ് എണ്ണവും ഒടിഞ്ഞു വീണു. പട്ടയ ഭൂമി അല്ലാത്തതിനാല്‍ വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യുവാന്‍ സാധിച്ചില്ല. പൈനാവ് എസ്ബിഐയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പ്പയെടുത്താണ് ജോയി കൃഷി ചെയ്തത്. വിളകള്‍ നശിച്ചതോടെ കടകെണിയിലായിരിക്കുകയാണ് ഈ കര്ഷകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: