മൂലമറ്റം: ഇന്ന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകുമ്പോള്‍, അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന ആല്‍മരങ്ങള്‍ക്ക് അയോധ്യയുമായി ബന്ധപ്പെട്ടുള്ള ജ്വലിക്കുന്ന ഓര്‍മ്മകള്‍ അധികമാര്‍ക്കും അറിയില്ല. അയോധ്യ പ്രക്ഷോഭം സജീവമായ കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ഒരു യൂണിറ്റ് അറക്കുളം കേന്ദ്രമാക്കി ആരംഭിച്ചു.
ശിലാ പൂജകളും ശിലാസംഗമങ്ങളും നടത്തി ദേശീയ വികാരം സാധാരണക്കാരിലേക്കും എത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ശ്രമിച്ചു. കളത്തില്‍ മന്മദന് നായര്‍ ,ഗോപാലകൃഷ്ണ പണിക്കര്‍, കൂട്ട പൂവണിങ്കല് മോഹനന്, കരോളിന് പടിയ്ക്കല്‍ ഗോപി, മണകണ്ടത്തില്‍ ശശി, തകരം പറമ്പില്‍ ശിവന്‍കുട്ടി, കടപുഴയില്‍ അശോകന് തുടങ്ങിയവരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 1992 ഡിസംബര്‍ 6 ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവി പതാക ഉയര്‍ത്തുന്നതിനിടെ കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്.
കോത്താരി സഹോദരങ്ങളുടെ ഓര്മ്മകക്കായി വിശ്വഹിന്ദു പരിഷത്ത് അറക്കുളം യൂണിറ്റിന്റെ പ്രധാന ചുമതലയുള്ളവര്‍ ദേവീക്ഷേത്രത്തിന് സമീപം 2 ആല്‍തൈകള്‍ നട്ടു. ഇതിന് ‘കോത്താരി സഹോദരങ്ങള്‍ ‘എന്ന് പേര് ഇട്ടു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ വിവരം അധികമാരിലും എത്താതെ ചുമതലയുള്ളവര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ പ്രക്ഷോഭത്തിന് ഇന്ന് ആഹ്ളാദത്തോടെയുള്ള പര്യവസാനവും ഭവ്യ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്ന വേളയില്‍ അറക്കുളം ദേവീക്ഷേത്രത്തിന്റെ കല്പടവുകള്ക്ക് സമീപം തണല്‍ വിരിച്ച് പന്തലിച്ച് നില്ക്കുന്ന 2 ആല്‍മരങ്ങളുടെ ചരിത്രം അയോധ്യയുടെ മണ്ണില്‍ ജീവന് നല്കിയ സഹോദരങ്ങളുടെ ചരിത്രം കൂടിയാണെന്ന് പുതുതലമുറ അറിയുകയാണ്.
നാടെങ്ങും രാമമന്ത്രം മുഴങ്ങുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ വളര്‍ന്ന് നില്ക്കുന്ന ആല്‍മരങ്ങള്‍ക്കും അയോധ്യയിലെ പോരാട്ടത്തിന്റെ സന്ദേശം നല്‍കാനുണ്ട് എന്നത് പുതുതലമുറയ്ക്ക് പുതിയൊരു അറിവായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: