ന്യൂദല്‍ഹി: കൊറോണയ്ക്കെതിരെ ഓക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവ്ഷീല്‍ഡ് എന്ന വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് അനുമതി നല്കി. വാക്സിന്റെ അന്തിമ പരീക്ഷണം മനുഷ്യരില്‍ നടത്താനാണിത്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്സിന് പരീക്ഷിക്കുക.
പരീക്ഷണം സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പഠിച്ച വിദഗ്ധ സമിതി ഇവരെ മരുന്നു പരീക്ഷണത്തിന് അനുവദിക്കാന്‍ വെള്ളിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ പരിഗണിച്ച ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച ശേഷം അനുമതി നല്‍കുകയായിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദിലെ ഭാരത് ബയോടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച ഇന്ത്യന്‍ വാക്സിന്റെ പരീക്ഷണവും ഇന്ത്യയിലെ തെരഞ്ഞെടുത്ത 16 കേന്ദ്രങ്ങളില്‍ നടക്കുകയാണ്.
ഓക്സ്ഫഡ് സര്‍വകലാശാലയും സ്വീഡിഷ് ബ്രിട്ടീഷ് സ്ഥാപനമായ ആസ്ട്രസെനക്കയും ചേര്‍ന്നാണ് കോവ് ഷീല്‍ഡ് വികസിപ്പിച്ചത്. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്കുവേണ്ടി ഈ വാക്സിന് ഉത്പാദിപ്പിക്കാനുള്ള കരാര്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പരീക്ഷണങ്ങളുടെ വിശദമായ ഡേറ്റാ ലഭിച്ച ശേഷമേ വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: