തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ 2012 മുതല്‍ പൂഴ്‌ത്തിയത് ഭീകരവാദത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആയിരത്തോളം മുന്നറിയിപ്പുകള്‍. 2011 മുതല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് പുറംലോകം കണ്ടിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മൂടിവച്ചത്.
ടി.പി. സെന്‍കുമാര്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ 2012ലാണ് സംസ്ഥാനത്ത് വിവിധ രീതിയില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് വന്ന ഹേമചന്ദ്രനും നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഓരോ പ്രദേശത്തെയും സംഘടനകളുടെ പേരും പ്രവര്‍ത്തകരുടെ വിലാസവും സഹിതം റിപ്പോര്‍ട്ട് നല്‍കി.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല. ഹവാല ഇടപാടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മതമാറ്റം ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിവരവും നിരവധി പ്രാവശ്യം കൈമാറി. പ്രണയം നടിച്ചുള്ള മാതംമാറ്റത്തിന് ആഹ്വാനമുണ്ടെന്നും ലൗ ജിഹാദ് സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. മതംമാറ്റി ഐഎസ്സിലേക്ക് അയയ്‌ക്കുന്നുവെന്ന 14 റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിച്ചു.
തീവ്രസ്വാഭാവമുള്ള സംഘടനകള്‍ 2011 മുതല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പും ആരും പരിഗണിച്ചില്ല. 2013ല്‍ തിരുവനന്തപുരത്ത് ഓഫീസില്‍ കയറി ക്യാമ്പസ് ഫ്രണ്ടുകാര്‍ എസ്എഫ്‌ഐക്കാരെ ആക്രമിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ കലാലയ രാഷട്രീയത്തിലെ ഭീകരവാദ ബന്ധത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെടുന്നതുവരെ അതേക്കുറിച്ച് ആഭ്യന്തര വകുപ്പ് മൗനം പാലിച്ചു.
പിന്നാലെ മുനഷ്യക്കടത്ത്, പൊതുസ്വഭാവമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥ തലങ്ങള്‍, ഭരണസിരാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം അവഗണിക്കപ്പെട്ടു. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളടക്കം ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിഭാഗത്തില്‍ ഇപ്പോഴും രഹസ്യമായുണ്ട്.
















