രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിര്‍ദ്ദേശത്തില്‍ 1990 ലെ ആദ്യ ബാച്ചില്‍ അയോധ്യയിലേക്ക് കര്‍സേവയ്ക്ക് പോയി പോലീസിന്റെ കൊടിയ പീഡനത്തിനിരയായ കൂത്തുപറമ്പ് ആയിത്തരയിലെ രാജീവന് ചേലേരിക്ക് ഇത് സ്വപ്നസാഫല്യമാണ്. 1990 ലെ കര്‍സേവയില്‍ പങ്കെടുത്ത് 30 വര്‍ഷം പിന്നിടുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടിയ ലക്ഷക്കണക്കിന് കര്‍മ്മധീരരായ കര്‍സേവകര്‍ക്കൊപ്പം പോരാട്ടത്തിനിറങ്ങിയതിന്റെ ആവേശം ഇപ്പോഴും ചോര്‍ന്ന് പോകാതെ സൂക്ഷിക്കുകയാണ് അദ്ദേഹം. രാമക്ഷേത്രമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നൂറ്റാണ്ടുകളുടെ പോരാട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അഭിമാനം.
കര്‍സേവയ്ക്കായി പോകാന്‍ തയ്യാറെടുത്തപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിത്തരയെന്ന ഗ്രാമമൊന്നടങ്കം ജയ് ശ്രീരാം വിളികളോടെ യാത്രയാക്കാനെത്തിയ അസുലഭമായ അനുഭവവുമുണ്ടായി. ഫോണ്‍ സൗകര്യം പരിമിതമായിരുന്ന കാലത്ത് ഇത്രയും ദൂരെയുള്ള യാത്രയെകുറിച്ച് തുടക്കത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും യാത്രയാരംഭിച്ചതോടെ ആവേശമായി. ട്രെയിനില്‍ കയറി പരിചയമുള്ള നൂറുകണക്കിന് സ്വയംസേവകരെ കണ്ടതോടെ തടസ്സങ്ങളെകുറിച്ചൊന്നും ചിന്തിച്ചില്ല.
ട്രെയിന്‍ ഓരോ സ്റ്റേഷന് പിന്നിടുമ്പോഴും കര്‍സേവകരുടെ എണ്ണം കൂടിക്കൂടി വന്നു. അതോടൊപ്പം പോലീസിന്റെയും പട്ടാളത്തിന്റെയും എണ്ണവും കൂടി. നിയന്ത്രണങ്ങളും കര്‍ശനമായി. യാത്ര ഒരു ദിവസം പിന്നിട്ടപ്പോഴേക്കും മനസ്സ് മുഴുവന്‍ അയോദ്ധ്യയെന്ന ലക്ഷ്യസ്ഥാനം മാത്രമായി. യാത്രയ്ക്കിടെയുണ്ടായ അനുഭവങ്ങള്‍ ഉറ്റവരെ അപ്പപ്പോള്‍ അറിയിക്കാന്‍ സാധിക്കാത്തതതില്‍ മനസ്സിന് വിഷമമുണ്ടായിരുന്നു.
വിവിധ സ്റ്റേഷനുകളില്‍ കര്‍സേവകരുടെ യാത്ര തടസ്സപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളുണ്ടായി. എന്നാല്‍ കര്‍സേവകരുടെ സംഘടിത ശക്തിക്ക് മുന്നില്‍ പോലീസ് പിന്‍വലിയുകയായിരുന്നു. ഝാന്സിയിലെത്തിയപ്പോഴേക്കും യുദ്ധസമാനമായ അന്തരീക്ഷമായി. അറസ്റ്റ് ചെയ്ത് താല്‍ക്കാലിക ജയിലിലടച്ചതോടെ ലക്ഷ്യ സ്ഥാനമായ അയോദ്ധ്യയില്‍ എത്താനാവാത്തതില്‍ ഇപ്പോഴും വിഷമമുണ്ട്. സംഘശിബിരം പോലെയുള്ള വ്യവസ്ഥയായിരുന്നു ജയിലിലും അനുവര്‍ത്തിച്ചത്. താല്‍ക്കാലിക ജയില്‍ ആദ്യദിനം സമാധാനപൂര്ണ്ണമായിരുന്നുവെങ്കിലും കര്‍സേവയുടെ നേതൃസ്ഥാനത്തുള്ളവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ക്രൂരമായ മര്‍ദ്ദനമാണ് എല്ലാവര്ക്കുമേറ്റത്. എന്നാല്‍ പീഡനങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും മനസ്സിനെയോ ശരീരത്തെയോ ബാധിച്ചതേയില്ല. കര്‍സേവകര്‍ തങ്ങളുടെ ദൗത്യം വിജയിപ്പിച്ചതായി അറിഞ്ഞത് ജയിലില്‍ നിന്ന് തന്നെയാണ്.
1990 ഒക്ടോബര്‍ 23ന് കണ്ണൂരില്‍ നിന്ന് യാത്രതിരിച്ച സംഘം നവംബര്‍ ഏഴിനാണ് നാട്ടില്‍ തിരികെയെത്തിയത്. കര്‍സേവ പൂര്‍ത്തിയായി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ബീന റെയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിന് കര്‍സേവകര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇരുത്തി ഭക്ഷണം നല്കിയ ഹൃദ്യമായ അനുഭവവുമുണ്ടായി. സംഘത്തിന്റെ നാഗ്പൂരിലെ കേന്ദ്രകാര്യാലയവും സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ സ്മൃതികുടീരവും സന്ദര്‍ശിച്ചതിന് ശേഷമാണ് ഞങ്ങളുടെ സംഘം നാട്ടിലേക്ക യാത്രതിരിച്ചത്.
ചരിത്രദൗത്യത്തിന് വേണ്ടിയുള്ള കര്‍സേവകരുടെ സംഘത്തില്‍ ഉള്‍പ്പെടാനും വൈദേശിക അക്രമകാരികളാല്‍ തകര്‍ക്കപ്പെട്ട രാമക്ഷേത്രം പുനസ്ഥാപിക്കാനുമുള്ള മഹത്തായ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്നും രാജീവന് ചേലേരി.
സംഘത്തില്‍ അന്ന് കൂടെയുണ്ടായിരുന്ന കര്‍സേവകരുമായും നേതൃത്വം നല്കിയ കാര്യകര്‍ത്താക്കളായ സംഘത്തിന്റെ വിഭാഗ് സംഘചാലക് ചന്ദ്രശേഖര്‍ജി ഉള്‍പ്പടെയുള്ളവരുമായി ഇപ്പോഴും ഹൃദ്യമായ ബന്ധമാണുള്ളത്. കര്‍സേവയെന്ന തീര്‍ത്ഥാടനം മൂന്ന് പതിറ്റാണ്ട് പിന്നിട്ട് അവിടെ രാമക്ഷേത്രമുയരുമ്പോള്‍ സംഘപ്രവര്‍ത്തകരെ കൂടെക്കൂട്ടി പുണ്യഭൂമിയായ അയോദ്ധ്യയിലേക്ക് യാത്രയ്ക്കൊരുങ്ങുകയാണ് രാജീവന് ചേലേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: