തിരുവനന്തപുരം: തലസ്ഥാനത്തെ കൊറോണ സമ്പര്‍ക്ക വ്യാപനം കുതിച്ചുയരുന്നു. ഒരോദിവസവും രേഖപ്പെടുത്തുന്ന ആകെ കൊറോണ ബാധിതരുടെ എണ്ണവും സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിക്കുന്നവരുടെ എണ്ണവും തമ്മില്‍ വിരലിലെണ്ണാവുന്ന വ്യത്യാസം മാത്രം. ദിനംപ്രതി സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ജില്ലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ രോഗബാധിതരുടെ 96 ശതമാനത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരാണ്. സംസ്ഥാനത്തെ ശരാശരിയെക്കാള്‍ മുന്നിലാണ് ജില്ലയുടെ രോഗബാധിതരുടെ കണക്ക്.
ഇന്നലെ ജില്ലയില്‍ കൊറോണ പോസിറ്റിവ് രേഖപ്പെടുത്തിയ 377പേരില്‍ 363 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 259 ല്‍ 241 ആണ്. കുറച്ചുദിവസങ്ങളായി ഇത് ഇങ്ങനെ തുടരുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.
ഗ്രാമ പ്രദേശങ്ങളെക്കാള്‍ നഗരപ്രദേശങ്ങളിലാണ് ജില്ലയില്‍ കൂടുതല്‍ സമ്പര്‍ക്ക ബാധിതര്‍ ഉണ്ടാകുന്നത്. കൂടാതെ നഗരത്തോട് അടുത്ത് കിടക്കുന്ന കോളനികളിലും തീരദേശത്തും രോഗവ്യാപനം വലിയതോതിലാണ് നടക്കുന്നത്. ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും ഉണ്ടായിട്ടും സമ്പര്‍ക്കവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും വ്യാപകമായ രീതിയില്‍ കൊറോണ രോഗബാധയുണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗബാധ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ രോഗവ്യാപനം വലിയ അളവുവരെ കുറയ്ക്കാന്‍ സാധിക്കും. രോഗ വ്യാപനം ശക്തമാകുന്നത് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമോ എന്ന ചിന്തയും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: