കോഴിക്കോട്: എഴുത്തിനെ ദേശീയ ആശയത്തിന്റെ പ്രതിഫലനമാക്കിയതാണ് ടി. സുകുമാരന്‍ എന്ന നോവലിസ്റ്റിന്റെ സവിശേഷത. മുഖ്യധാരാ എഴുത്തുകാരുടെ മേഖലയില്‍ നിന്ന് സുകുമാരനെ മാറ്റി നിര്‍ത്തിയതും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാട് തന്നെ. വിഭജനകാലത്തിന്റെ അറിയപ്പെടാത്ത കഥകളും മാപ്പിള ലഹള തീര്‍ത്ത മുറിപ്പാടുകളും സുകുമാരന്റെ നോവലുകളിലൂടെ പുറത്തുവന്നു. ആരും തൊടാന്‍ ഭയക്കുന്ന വിഷയങ്ങളായിരുന്നു അത്. രാഷ്ട്രത്തിനുവേണ്ടി ജീവിതം ഹോമിച്ച ഒരു സാധാരണക്കാരന്റെ ചിന്തയില്‍ പിറന്ന അസാധാരണ നോവലാണ് രസിക്കാത്ത സത്യങ്ങള്‍.
രസിക്കാത്ത സത്യങ്ങള്‍ എന്ന നോവലില്‍ അശുതോഷിന്റെ സഹോദരിയായിരുന്നു അപര്‍ണ. അപര്‍ണയുടെ കാമുകന്‍ നിരഞ്ജനും. കീഴ്ജാതിക്കാരനായ നിരഞ്ജന് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവ് ഒരുക്കമല്ലായിരുന്നു. ടി. സുകുമാരന്റെ ജീവിതത്തിലും നോവലുമായി ഏറെ സമാനതയുണ്ട്. മിശ്രവിവാഹം ഏറെ വിലക്കുകളുണ്ടായിരുന്ന കാലത്ത് ചെറുവണ്ണൂര്‍ തിരുമുഖം തറവാട്ടിലെ നാണിക്കുട്ടിയെ സുകുമാരന്‍ വിവാഹം കഴിച്ചു. ഈ സാഹസത്തിന് പിന്തുണയുമായി സുകുമാരന്റെ സഹപ്രവര്‍ത്തകരായ സ്വയംസേവകരുമുണ്ടായിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ ആര്‍എസ്എസ് ശാഖയിലൂടെയാണ് സുകുമാരന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. കേരളത്തിലെ ബിഎംഎസ് പ്രവര്‍ത്തനത്തിന് മാര്‍ഗദര്‍ശികളില്‍ ഒരാളായി അദ്ദേഹം മാറി. ബിഎംഎസിന്റെ കേരളത്തിലെ ആദ്യ യൂണിയനായ ടൈല്‍ വര്‍ക്കേഴ്‌സ് സംഘിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
ബിഎംഎസ്സിന്റെയും ഭാരതീയ ജനസംഘത്തിന്റെയും തുടക്കക്കാരില്‍ ഒരാളായിരുന്നു മികച്ച പ്രാസംഗികനും വിട്ടുവീഴ്ചയില്ലാത്ത സംഘാടകനുമായ സുകുമാരന്‍.
ഭാരതീയ ജനസംഘം രൂപീകരിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഒന്‍പതുപേരില്‍ ഒരാളായിരുന്നു ടി.സുകുമാരന്‍. 1967-ല്‍ ജനസംഘത്തിന്റെ ആദ്യദേശീയ സമ്മേളനം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ പ്രധാനസംഘാടകനായിരുന്നു.
ജനസംഘം നേതാവായിരുന്ന പി. പരമേശ്വരന്‍ അടിയന്തരാവസ്ഥക്കാലത്ത് നാലുമാസം ഒളിവില്‍ താമസിച്ചത് സുകുമാരന്റെ വീട്ടിലായിരുന്നു. പരമേശ്വര്‍ജി രോഗബാധിതനായപ്പോള്‍ ചികിത്സിക്കാന്‍ എത്തിയത് ചെറുവണ്ണൂര്‍ ‘കരുണ’ ആശുപത്രിയിലെ ഡോ.ഇ.വി. ഉസ്മാന്‍ കോയയായിരുന്നു. ആരുമറിയാതെ രോഗചികിത്സ നടന്നു. സുകുമാരന്റെ വ്യക്തിബന്ധമായിരുന്നു ഡോക്ടറെ വീട്ടിലെത്തിച്ചത്.
വിഭജനാനന്തര ഇന്ത്യയിലെ കഥകള്‍ ജനസംഘം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നേതാക്കളില്‍ നിന്നാണ് സുകുമാരന്‍ മനസ്സിലാക്കിയത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും കാണിച്ച ചതിയുടെ ആഴം സുകുമാരന്‍ മനസ്സിലാക്കി. നിരന്തരമായ വായനയും പഠനവും തുടര്‍ന്ന് നോവലിലേക്കുള്ള പ്രവേശനവും.
യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകള്‍ ആയിടെയാണ് ‘ജനയുഗം’ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. രസിക്കാത്ത സത്യങ്ങള്‍, പിന്നീട് ബലിമൃഗങ്ങള്‍, എഴുത്തിന്റെ ലോകത്തേക്ക് ആ തൊഴിലാളി നേതാവും. കേസരി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകള്‍ വാരികയുടെയും പ്രചാ രവര്‍ദ്ധനവിന് കാരണമായി.
ബിഎംഎസ് നേതാവായിരുന്ന സുകുമാരന്‍ മാതൃകാ തൊഴിലാളി നേതാവ് എങ്ങ നെയാണെന്നതിന്റെ ഉദാഹരണം കൂടിയാണ്. ഒാട്ടുകമ്പനിയില്‍ സമരം നടന്നപ്പോള്‍ പതിനായിരങ്ങളുമായി മുതലാളി സമീപിച്ചതാണ് സമരത്തില്‍ നിന്നു പിന്‍വാങ്ങാന്‍. മൂത്തമകന്‍ ശ്യാമിന് നല്ല ജോലി വാഗ്ദാനം ചെയ്തതുമാണ്. മറ്റ് തൊഴിലാളി സംഘടനാനേതാക്കള്‍ മുതലാളിയുടെ പണം പറ്റി സമരത്തില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ സുകുമാരന്‍ ഉറച്ചുനിന്നു. അതിനുള്ള പ്രതികാരമായി തീപ്പെട്ടിക്കമ്പനിയിലേക്ക് സുകുമാരനെ മാറ്റി.
ഗോവ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു സുകുമാരന്‍. സ്വാതന്ത്ര്യസമര പെന്‍ഷന് അര്‍ഹതയുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നല്‍കിയില്ല. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയത്. ആദരവുകള്‍ക്കും അംഗീകാരത്തിനും പിന്നാലെയായിരുന്നില്ല ആ സ്വയംസേവകന്റെ സര്‍ഗജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക