കോഴിക്കോട്: കോഴിക്കോടിന്റെ പ്രസരണ മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് പുതിയ എച്ച്ടിഎല്‍എസ് ലൈനുകള്‍. ജില്ലയിലെ പ്രസരണ മേഖലയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യമിട്ട് കെഎസ്ഇബി വിഭാവനം ചെയ്ത നോര്‍ത്തേണ്‍ റീജ്യണ്‍ ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് പദ്ധതിയുടെ അവസാന ലൈനുകളും പ്രവര്‍ത്തനക്ഷമമായി. നല്ലളം- മാങ്കാവ്, നല്ലളം ചേവായൂര്‍ എന്നീ 110 കെവി ലൈനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തക്ഷമമായി.
81 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതി അതിലും ഏറെ കുറഞ്ഞ ചെലവിലാണ് പൂര്‍ത്തിയാക്കിയതെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി തുകയുടെ 75 ശതമാനവും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നോഡല്‍ ഏജന്‍സി ആയ പവര്‍ സിസ്റ്റം ഡെവലപ്പ്മെന്റ് ഫണ്ട്(പിഎസ്ഡിഎഫ്)ല്‍ നിന്നും ഗ്രാന്റ് ആയി ലഭിക്കും.
1970 കളില്‍ സ്ഥാപിക്കപ്പെട്ട ശേഷി കുറഞ്ഞ പ്രസരണ ലൈനുകളിലൂടെയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി എത്തിച്ചിരുന്നത്. കുതിച്ചുയരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് ജില്ലയിലെ പ്രസരണ മേഖലയിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാലപ്പഴക്കം ചെന്ന, ശേഷികുറഞ്ഞ ലൈനുകള്‍ മാറ്റി ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് ലൈനുകള്‍ സ്ഥാപിച്ചതോടെ, പ്രസരണ നഷ്ടം കുറയുകയും വൈദ്യുതി പ്രസരണശേഷി വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ, വര്‍ഷകാലത്ത് കക്കയം ഡാമില്‍ സംഭരിക്കപ്പെടുന്ന വെള്ളം പൂര്‍ണ്ണമായും വൈദ്യുതോല്പാദനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും. പുഗലൂര്‍ മാടക്കത്തറ എച്ച്വിഡിസി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നല്ലളം 220 കെവി സബ്സ്റ്റേഷനിലെത്തുന്ന അധിക വൈദ്യുതി ജില്ലയിലെ വിവിധ സബ്സ്റ്റേഷനുകളില്‍ എത്തിക്കാനും ഇത് സഹായിക്കും.
നോര്‍ത്തേണ്‍ റീജ്യണ്‍ ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് പദ്ധതിയിലുടനീളം സാധാരണ എര്‍ത്ത് കമ്പികള്‍ക്ക് പകരം അകത്ത് ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒപിജിഡബ്യു എര്‍ത്ത് കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ഡാറ്റ കമ്മ്യൂണിക്കേഷനും സാദ്ധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: