ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് ഏഴു മുതല്‍ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുമാസം യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ഒടുവില്‍ കോവിഡ് പോസിറ്റീവായി ആശുപത്രിയിലും.
സ്വന്തം പേരും പ്രശസ്തിയും വര്‍ധിപ്പിക്കാനല്ല യെദിയൂരപ്പ നോക്കിയത്, പകരം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും ജീവിതവും കൈപിടിച്ചുയര്‍ത്താനാണ്. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്കി, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, റവന്യു, വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്കി.
മന്ത്രിമന്ദിരത്തിലും ഔദ്യോഗിക വസതിയിലും ഇരുന്നുള്ള പ്രവര്ത്തമായിരുന്നില്ല യെദിയൂരപ്പയുടേത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിച്ചും ജനങ്ങളുടെ വിഷമതകള്‍ നേരിട്ട് മനസ്സിലാക്കിയുമായിരുന്നു കഴിഞ്ഞ അഞ്ചുമാസവും യെദിയൂരപ്പ സംസ്ഥാനത്തെ നയിച്ചത്.
എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ ആരംഭിച്ച് അര്‍ധരാത്രി വരെ നീളുന്ന വീഡിയോ കോണ്‍ഫറനന്‍സ് യോഗങ്ങള്‍. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍, ഡെപ്യൂട്ടികമ്മീഷണര്മാര്, സംസ്ഥാന കൊറോണ വാര് റൂം അംഗങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബെംഗളൂരുവില്‍ മേഖലാ അടിസ്ഥാനത്തില്‍ ചുമതലയുള്ളവരുടെ യോഗങ്ങള്‍ എന്നിവ എല്ലാ ദിവസവും നടത്തി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നു.ഇതുകൂടാതെ ബെംഗളൂരുവിലുള്ള മന്ത്രിമാരുടെ യോഗങ്ങള്‍ എല്ലാ ദിവസവും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ സംസ്ഥാനത്തെയും രാജ്യത്തെയും വിദേശത്തേയും വ്യവസായ പ്രമുഖരുമായി ഇതിനോടകം ഇരുപതിലധികം യോഗമാണ് മുഖ്യമന്ത്രി നടത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കി. സംസ്ഥാനത്തു നിന്നു മടങ്ങിയ അഞ്ചുലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കി.
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃഷിയിടങ്ങളില്‍ നിന്ന് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ പണം നല്കി ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ അധികമുള്ള പാല് വാങ്ങി സംസ്ഥാനത്തെ ചേരി പ്രദേശങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പാല് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചേരി പ്രദേശങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി.
ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നപ്പോള്‍ മിന്നല്‍ പരിശോധന നടത്തി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശിച്ചു. അമിത വില ഈടാക്കുന്നതായുള്ള പരാതികളും മുഖ്യമന്ത്രി നേരിട്ടു പരിശോധിച്ചു.
മാസ്കുധരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സംസ്ഥാനത്ത് നടത്തിയ മാസ്ക്ഡെയുടെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണില്‍ പങ്കെടുത്ത് ജനങ്ങള്‍ക്ക് നേരിട്ട് മാസ്കു വിതരണം നടത്തി.
ഹോട്ടലുകള്‍ തുറന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹോട്ടലില്‍ നേരിട്ടെത്തി ഭക്ഷണം കഴിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കൊറോണ കെയര്‍ സെന്ററുകളില്‍ ഒന്നായ ബെംഗളൂരുവിലെ അന്താരാഷ്ട്ര എക്സിബിഷന് സെന്ററിലെ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തി. പതിനായിരം കടക്കകളാണ് ഇവിടെ ഒരുക്കിയത്.
തന്റെ പ്രജകള്‍ക്ക് ഒരു വിഷമ ഘട്ടമുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങളല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് തെളിയിക്കുന്നതായിരുന്നു യെദിയൂരപ്പയുടെയും കര്‍ണാടകത്തിലെ മന്ത്രിമാരുടെ കടന്നു പോയ ഓരോ ദിനങ്ങളും.
മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്നു മന്തിമാര്‍ക്കും ഇതിനോടകം കൊറോണ സ്ഥിരീകിച്ചു. കൊറോണ രൂക്ഷമായ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ എത്തയപ്പോഴാണ് ഇവരെല്ലാം രോഗബാധിതരായത്. ഒരു മന്ത്രിയുടെ രോഗം ഭേദമായി അദ്ദേഹം വീണ്ടും പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.
രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യെദിയൂരപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. യെദിയൂരപ്പയുടെ മകള്‍ ബി.എസ്. അരുണാദേവിക്കും രോഗം സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പലതവണ യെദിയൂരപ്പ ക്വാറന്റൈനില്‍ പോവുകയും കൊറോണ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: