ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. പൗരാണികവും ചരിത്രപരവുമായ ഒട്ടേറെ പ്രാധാന്യമുള്ള ഉത്സവമാണിത്. രാക്ഷസ ശക്തികളോട് പൊരുതിതോറ്റ ദേവസമൂഹത്തില്‍ ഐക്യം പുനസ്ഥാപിക്കാന്‍ ഗുരു ബ്രഹസ്പതിയുടെ നിര്‍ദ്ദേശപ്രകാരം രാഖി ബന്ധിച്ചതായി പറയപ്പെടുന്നു. അലക്സാണ്ടറുടെ കാമുകി പുരുഷോത്തമനെ രാഖി ബന്ധിച്ചതും, മുഗള അക്രമണങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രജപുത്ര സ്ത്രീകള്‍ പുരുഷാരുടെ കൈകളില്‍ രാഖി ബന്ധനം നടത്തിയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം. സ്നേഹം, സാഹോദര്യം, ഐക്യം, കര്‍ത്തവ്യബോധത്തിന്റെ ഓര്‍മ്മിപ്പിക്കല്‍ എല്ലാം ചേര്‍ന്ന ഒന്നാണ് രക്ഷാബന്ധന്.
സ്നേഹവും സഹോദര്യവും ഉണ്ടാകുന്നത് മമത ബന്ധത്തില്‍ നിന്നാണ്. മമത ബന്ധം എന്നത് എന്റേത് എന്ന തോന്നലാണ്. ഈ തോന്നല്‍ ഇല്ലാത്തിടത്തോളം കര്‍ത്തവ്യ ബോധവും ഉണ്ടാകില്ല. ഓരോ മനുഷ്യരും കുടുംബത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്റേത് എന്ന ബോധമുള്ളത് കൊണ്ടാണ്. എന്റേത് എന്ന ബോധത്തിന് തീവ്രത വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കുടുംബ ബന്ധം ദൃഢമാവുകയും എല്ലാ രംഗത്തും വിജയം കൈവരിക്കുകയും ചെയ്യും. രാഷ്ട്രവും ഒരു കുടുംബം തന്നെയാണ്. കുടുംബത്തെ യോജിപ്പിക്കുന്ന ചരട് അമ്മയാണ്. രാഷ്ട്രത്തെ കൂട്ടി യോജിപ്പിക്കുന്നതും അമ്മയെന്ന ബോധം തന്നെ. ഒരമ്മയുടെ മക്കളാണല്ലോ സഹോദരങ്ങള്‍.
നമ്മുടെ നാടിനോടുള്ള മമത ബന്ധത്തെ കരുത്തുറ്റതാക്കുക എന്ന പ്രവൃത്തിയാണ് രാഷ്ട്രീയ സ്വയം സേവക സംഘം ചെയ്യുന്നത്. എന്റെ നാട്, എന്റെ സംസ്കാരം, എന്റെ പൂര്‍വ്വികര്‍ ഈ ബോധം ഉണ്ടാക്കുന്ന ഔന്നത്യം നിസ്സാരമല്ല. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ മമത ബന്ധം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമല്ല ഉണ്ടായത്, മറിച്ച് വിഘടിപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണ്. ജനങ്ങളെ പല തട്ടുകളായി, വോട്ടുബാങ്കുകളായി തിരിക്കുന്ന പ്രക്രിയയാണ് പലരും തുടര്‍ന്നു പോരുന്നത്. രാഷ്ട്ര താല്പര്യത്തെക്കാള് രാഷ്ട്രീയ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കിയതിന്റെ ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്.
മുഗളന്മാരും ബ്രിട്ടീഷുകാരും ജനങ്ങളെ വിഭജിച്ചു നിര്‍ത്തിയ അതേ നയം സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും പിന്തുടര്ന്നു. മുഗള ഭരണത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും വിദ്യാഭ്യാസം നമുക്ക് ചില അറിവുകള്‍ പകര്‍ന്നു തന്നു. ബാബര്‍ മുതല്‍ ഔറംഗസീബു വരെയും ബ്രിട്ടീഷ് രാജ്ഞി മുതല്‍ മൗണ്ട് ബാറ്റന് വരെയും ആരെന്ന് നമ്മെ പഠിപ്പിച്ചു. പക്ഷെ രാമനെയും കൃഷ്ണനെയും ശിവജിയെയും റാണാ പ്രതാപനെയും എന്തിന് പഴശ്ശിയെ പോലും നാം വിസ്മൃതിയില്‍ തള്ളി.
ഭാരതമാതൃ സങ്കല്‍പ്പം ഒഴികെ മറ്റെല്ലാത്തിനെയും മാറ്റി നിര്‍ത്തി സമൂഹത്തെ സംഘടിപ്പിക്കാനുള്ള ഡോക്ടര്‍ജിയുടെ അനിതര സാധാരണമായ പ്രയത്നമാണ് 1925ല്‍ ആരംഭിച്ചത്, അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കാലണ മെമ്പര്‍ഷിപ്പ് പോലുമില്ലാതെ കേവലം ഹൃദയ ഐക്യത്തോടെ സമൂഹത്തെ ഒരു നൂറ്റാണ്ടായി സംഘടിപ്പിച്ചു നിര്‍ത്തിയെങ്കില്‍, ആ സംഘടനാവൈഭവം തന്നെയാണ് ഭാരതത്തിന്റെ പുരോഗതിക്ക് ഹേതുവായിട്ടുള്ളത്.
മതത്തെ ചട്ടുകമാക്കി ലോകമെമ്പാടും നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതവും വിള ഭൂമിയാകുകയാണ്. മുസഌം- ദലിത് കൂട്ടായ്മ സൃഷ്ടിക്കാനുള്ള ശ്രമവും, ലൗ ജിഹാദും, കാല്പനികമായ പീഡന ജിഹാദും മറ്റും ഇതിന്റെ പുതിയ തലങ്ങളാണ്. വിദേശ പണത്തിന്റെ ഹുങ്കോടെ സാമ്പത്തിക മേഖലയെ തകര്‍ക്കാനും ആയുധങ്ങള്‍ കുന്നു കൂട്ടാനുള്ള ശ്രമങ്ങളും ശക്തമാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ നടന്ന ദേശ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ തനിനിറം വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഭാരതപാരമ്പര്യത്തെയും സംസ്ക്കാരത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ രംഗത്തുണ്ട്. ഏറ്റവും അവസാനം നാം കാണുന്നു, അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ മുടക്കാനും, ദൂരദര്ശന് സംപ്രേക്ഷണം ചെയ്യുന്നത് തടയാനും ദേശവിരുദ്ധര്‍ ഒത്തു കൂടുന്നു. ചൈന കാണിക്കുന്ന സാമ്രാജ്യ വിപുലീകരണ പ്രവണതകള്‍ക്ക് ചൂട്ട് പിടിക്കുന്നവരും നമ്മുടെ രാഷ്ട്രീയരംഗത്തെ അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കുന്നു. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി കഴിഞ്ഞ നിരവധി ദശകങ്ങളില്‍ നടത്തുന്ന അതുല്യ പോരാട്ടത്തിന്റെ പരിണതിയാണ് രാമക്ഷേത്ര നിര്‍മ്മാണം. ഐക്യപ്പെട്ടാല്‍ സമൂഹത്തിന് വിജയിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് രാമക്ഷേത്ര നിര്‍മ്മിതിയില്‍ നാം നേടിയ വിജയം. ഈ രക്ഷാബന്ധന് ദിനത്തില്‍ ഏകതയുടെ പ്രതിജ്ഞ നമുക്ക് വീണ്ടും പുതുക്കാം.
(സംസ്ഥാന സംയോജകന്‍, അഖിലഭാരതീയ ഗ്രാഹക് പഞ്ചായത്ത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: