ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ കനക്കാന്‍ സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. ശക്തമായ മഴ മുതല്‍ തീവ്രമഴക്ക് വരെ ഇവിടങ്ങളില്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും. ന്യൂനമര്‍ദം ഈ ദിവസം രൂപമെടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതിനാല്‍ ഈ ദിവസമാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യതയുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ സമാനമായി രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ കേരളത്തില്‍ കനത്തമഴക്കും വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഐഎംഡിയുടെ അറിയിപ്പിലുണ്ട്. കൊറോണയടക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ മഴ കനക്കുന്നതും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യാമ്പ് തുറക്കേണ്ടി വരികയും ചെയ്യുന്നത് വലിയ വെല്ലുവിളിയാകും അധികൃതര്‍ക്കുമേല്‍ ഉയര്‍ത്തുക.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മിക്ക വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. കേരള തീരത്ത് കടലില്‍ 50 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും തീരപ്രദേശത്ത് 3 മീറ്റര്‍ വരെ തിരമാല ഉയരുന്നതിനും ഈ ദിവസങ്ങളില്‍ സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യപാതി പിന്നിടുമ്പോള്‍ ഇതുവരെ മഴയില്‍ 21 ശതമാനത്തിന്റെ കുറവുണ്ട്. 140.3 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയതാകട്ടെ 110.1 സെ.മീറ്ററും. വയനാട് 57% മഴ കുറഞ്ഞപ്പോള്‍ കോഴിക്കോട് 6% മഴ കൂടി. ഇതിനൊപ്പം ശരാശരി മഴ കിട്ടിയത് കണ്ണൂര്‍, കോട്ടയം (രണ്ട് ശതമാനം അധികം) ജില്ലകളില്‍ മാത്രമാണ്. ഇടുക്കി-43, തൃശൂര്‍-36, മലപ്പുറം-31, പാലക്കാട്-26, ആലപ്പുഴ-22, എറണാകുളം-17, പത്തനംതിട്ട-9, തിരുവനന്തപുരം-7, കാസര്‍ഗോഡ്-3 ശതമാനവും വീതം മഴ കുറഞ്ഞു.
സംസ്ഥാനത്താകെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍ഗോഡാണ് 204.88 സെ.മീ. കുറവ് തിരുവനന്തപുരത്തും 52.24 സെ.മീ. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ കുറഞ്ഞതിനാല്‍ കെഎസ്ഇബി-ജലസേചന വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ആകെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. അതേ സമയം സംസ്ഥാനത്താകെ നിലവില്‍ ചെറിയ എട്ട് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ പ്രധാന ഡാമുകളിലാകെ അവശേഷിക്കുന്നത് 31% വെള്ളമാണ്, ഇടുക്കിയില്‍ 34 ശതമാനവും. ജൂണ്‍ ഒന്നില്‍ നിന്ന് വെറും 5% ജലനിരപ്പ് മാത്രമാണ് ആകെ ഇതുവരെ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: