നെയ്യാറ്റിന്‍കര: ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നുണ്ടായ കൊറോണ വ്യാപനം ബാലരാമപുരം പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ആദ്യം കൊറോണ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ഇവിടെ കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 65 പേരെ പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതോടെ സ്ഥിതിഗതികള്‍ അതീവരൂക്ഷമാവുകയാണ്. സല്‍ക്കാരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കഴിഞ്ഞ 23നാണ് ബാലരാമപുരം കല്‍പ്പടിയിലെ ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടന്നത്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വിവാഹസല്‍ക്കാരം. കല്യാണത്തില്‍ പങ്കെടുത്തതാകട്ടെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍. വിവാഹത്തിന് പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലരാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ കൊറോണ വ്യാപനം തുടരുകയാണ്. എന്നാല്‍ ഇത്തരം സംഭവം മുന്നില്‍ കണ്ട് ബിജെപി നേതൃത്വം വിവാഹസല്ക്കാരത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വിവിധ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിവൈഎഫ്ഐ നേതാവായതു കൊണ്ട് ആരും നിയന്ത്രിക്കാന്‍ പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: