നാലപ്പാടന്റെ മണ്ണാണ് തൃശ്ശൂരെ പുന്നയൂര്‍ക്കുളം. തുടമുള്ള കതിരുകള്‍ വിളഞ്ഞ സാഹിത്യത്തിലെ മുണ്ടകപ്പാടം. ബാലാമണിയമ്മയും മാധവിക്കുട്ടിയും എം. ടി. വാസുദേവന്‍ നായരും തുടങ്ങി എത്രയോ പ്രതിഭകള്‍ക്കു വളക്കൂറേകിയ മണ്ണ്. അവരോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കുവാനായില്ലെങ്കിലും ആ നിരയില്‍ പരിഗണിക്കപ്പെടേണ്ട ഒരു ജ്ഞാനതപസ്വിനി ഇവിടെ ഉണ്ടായിരുന്നു-പുന്നയൂര്‍ക്കുളം ടി. കാര്‍ത്ത്യായനി അമ്മ. ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി അടുത്തിടെ കാലയവനികയ്ക്കുള്ളിലായി. ടി. കാര്‍ത്ത്യായനി ടീച്ചര്‍ എന്ന പേരില്‍ ആദ്ധ്യാത്മിക മാസികകളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും, നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്തു.
1930 സെപ്റ്റംമ്പര്‍ 14 നു പുന്നയൂര്‍ക്കുളത്ത് ശ്രീനിവാസന് എംബ്രാന്തിരിയുടെയും തെണ്ടിയത്ത് അമ്മിണിയമ്മയുടെയും മകളായി ജനിച്ച കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ് പറവൂര്‍ ഉണ്ണിനാരായണന്‍ നായര്‍ ആയിരുന്നു. പുന്നയൂര്‍ക്കുളം രാമരാജ യുപി സ്കൂള്‍, ഗുരുവായൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഞ്ചേരി ഹൈസ്കൂള്‍, പുന്നയൂര്‍ക്കുളം നാലപ്പാടന് വനിതാ കോളേജ് എന്നിവടങ്ങളില്‍ അധ്യാപികയായി ദീര്‍ഘകാലം ജോലി നോക്കി. എംടിയുടെ ഓപ്പോളായിരുന്ന അവര്‍ക്കു പുസ്തകങ്ങള്‍ വായിക്കുവാന്‍ എത്തിച്ചുകൊടുത്തിരുന്നത് വാസുവായിരുന്നുവെന്ന് അനുസ്മരിച്ചിട്ടുണ്ട്. ആദ്യകൃതിയായ ‘ഒരുമെഴുകുതിരി പോലെ’ എന്ന ചെറുകഥാ സമാഹാരം, ”എന്റെ സര്‍ഗ്ഗചേതനകളെ തൊട്ടുണര്‍ത്തിയ പ്രിയ ബാലാമണിയോപ്പുവിന്” എന്നു പറഞ്ഞാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്നേഹിതയായ കാര്‍ത്ത്യായനിക്ക് മാധവിക്കുട്ടിയും ആ ഗ്രന്ഥത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കൈതപ്പൂവിന്റെ ഗന്ധം, അറിയാന്‍ ആലോചിക്കാന്‍, വഴിയടയാളങ്ങള്‍, ഭാഗവത തേജസ്സ്, മാര്ഗ്ഗദര്ശികള്, കുന്തിമുതല്‍ കുചേലന് വരെ, കൃഷ്ണവാത്സല്യം, മാതൃത്വത്തിന്റെ നേതൃത്വം, ബാലജീവാമൃതം ഭാഗവതം, അപ്പുവിന്റെ യാത്രകള്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് ടീച്ചറുടെ മുഖ്യ കൃതികള്‍. സ്ഫുടം ചെയ്ത ഭക്തി എന്ന ഭാവമാണ് ഇരുട്ടിലെ വിളക്കുനാളം പോലെ ടീച്ചറുടെ രചനകളില്‍ കാണാനാവുന്നതെന്ന് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന കൃതിയുടെ ആമുഖത്തില്‍ സി. രാധാകൃഷ്ണന് രേഖപ്പെടുത്തിയിരിക്കുന്നു. ഏറെക്കാലത്തെ സഫലജീവിതനിഷ്ഠയുടെ അനുഭൂതിയില്‍ നിന്ന് അനര്‍ഗ്ഗളമായി ഒഴുകി വന്ന അറിവിന്റെ മൊഴിമുത്തുകളാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് ഉദിത്ചൈതന്യ സാക്ഷ്യപ്പെടുത്തുന്നു.
വേദേതിഹാസപുരാണങ്ങളിലുള്ള അഗാധമായജ്ഞാനമാണ് കാര്‍ത്ത്യായനി ടീച്ചറുടെ രചനകളുടെഈടുവെയ്പ്പ്. ആദ്ധ്യാത്മികത ഇന്ത്യയുടെ കരുത്താണ് എന്നും അത് മനസ്സിന്റെ സംസ്കാരമാണ് വെളിപ്പെടുത്തുന്നതെന്നുമുള്ള ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീമദ് ഭാഗവതത്തെയും ശ്രീമദ് ഭഗവദ്ഗീതയെയും മുന്‍നിര്‍ത്തിയുള്ള ആത്മവിചാരങ്ങളാണ് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന വിജ്ഞേയമായ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭഗവാനെ അറിയാനും ദര്‍ശിക്കാനും യഥാര്‍ത്ഥത്തില്‍ ഭഗവാനില്‍ പ്രവേശിക്കുവാനും ഭക്തിക്കു മാത്രമേ കഴിയൂ. ചിത്തശുദ്ധിയാണ് ഭഗവദ് ഭക്തിയുടെ അടിസ്ഥാന ഭാവം. ആ ഭാവത്തിലേക്ക് ജനതയെ ഉണര്‍ത്താന്‍ ഒരുജന്മം തന്നെ ഉഴിഞ്ഞുവയ്ക്കുകയും, അതിനു വേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ടീച്ചറുടെ ജീവിതംതന്നെ ഈശ്വരാര്‍പ്പിതമായ ഒരു തപസ്സായിരുന്നു എന്നു പറയാം. അതുകൊണ്ടുതന്നെ ജ്ഞാന തപസ്വിനിയായ ഒരു മുത്തശ്ശിയായി ടീച്ചറെ വിശേഷിപ്പിക്കുന്നത് ഒരു വിശുദ്ധ മാതൃത്വത്തിന് മുന്നിലുള്ള നമസ്കാരം അര്‍പ്പിക്കലായിരിക്കും.
പുന്നയൂര്‍ക്കുളത്തു പുറവൂര് വീട്ടില്‍ ആയിരുന്നുതാമസം. അദ്ധ്യാപകരായിരുന്ന ടി. ഗീതയും കൃഷ്ണദാസുമാണ് മക്കള്‍. ഒരുതലമുറയുടെ അകക്കണ്ണു തുറപ്പിക്കുവാന്‍ തന്റെ ജ്ഞാന സാധനയുടെ പൊരുളടര്‍ത്തി വെളിച്ചം പകര്‍ന്ന ആ മുത്തശ്ശിക്ക് പ്രണാമങ്ങള്‍.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: