ഇടക്കിടെ ചില പഴയ സ്വയം സേവകര്‍ വിളിച്ചു പൂര്വകാലാനുഭവങ്ങളും മറ്റും അനുസ്മരിക്കുന്നത് നമുക്ക് നവജീവിതം ലഭിക്കുന്ന അനുഭവം തരുന്നു. സംഘപഥത്തിലൂടെ എന്ന ഈ പ്രകരണങ്ങള്‍ തുടര്‍ന്നു പോകാന്‍ അതു പ്രചോദനവും ആകുന്നുണ്ട്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ നിന്ന് കൃഷ്ണന് വിളിച്ചപ്പോള്‍ അങ്ങനെത്തെ അനുഭവമുണ്ടായി. ഈ ലേഖകന്റെ പ്രചാരക ജീവിതത്തിന്റെ തുടക്കകാലം ഉത്തര കേരളത്തിലായിരുന്നു. മയ്യഴിപ്പുഴയ്ക്കു വടക്കു പയ്യന്നൂര്‍ പുഴ വരെയുള്ള പഴയ കണ്ണൂര്‍ ജില്ലയുടെ ഭാഗങ്ങളും, പയ്യോളി പേരാമ്പ്ര പ്രദേശങ്ങള്‍ക്കു വടക്കു കൊയിലാണ്ടിത്താലൂക്കിന്റെ ഭാഗങ്ങളും വടകരത്താലൂക്കു മുഴുവനും അതില്പെടുമായിരുന്നു. അവിടങ്ങളിലെ അനുഭവ സമ്പന്നരായ മുതിര്‍ന്ന പ്രവര്‍ത്തകരായിരുന്നു എനിക്ക് സഹായമായിരുന്നത്. 1950 കളുടെ തുടക്കം മുതല്‍ സംഘപ്രവര്‍ത്തനത്തിന്റെ അഗ്നിപഥം ചവിട്ടി നടന്നാണവര്‍ ഈ പ്രസ്ഥാനത്തിന് കരുത്തേകിയത്. അവിടെ പ്രചാരകന്മാരായിരുന്ന രാമചന്ദ്രന് കര്‍ത്താ സാറും, ശ്രീകൃഷ്ണ ശര്‍മ്മാജിയും മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിജിയും അവിടെ സംഘത്തിനു കരുത്തേകി. ഞാനവിടെ ചെല്ലുന്ന കാലത്ത് സാധാരണ സ്വയംസേവക കുടുംബത്തിലെ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരോടുണ്ടായിരുന്ന ആദരവുനിറഞ്ഞ മമത പ്രത്യക്ഷമായനുഭവപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ നിന്നു വിളിച്ച കൃഷ്ണന്റെ ജ്യേഷ്ഠന്മാരും മറ്റും അക്കൂട്ടത്തില്‍ പെട്ടിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകം സാക്ഷാത്കരിക്കാന്‍ ധൈര്യപൂര്‍വം ഏകനാഥ് റാനഡേജിക്കു സഹായികളായവരില് പയ്യോളി മേലടി ബീച്ചിലെ സ്വയംസേവകരുമുള്പ്പെട്ടിരുന്നു. വടക്കാഞ്ചേരിയിലെ പ്രശസ്ത കലാശാലയായ വ്യാസാ കോളജിലെ അധ്യാപകേതര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു കൃഷ്ണന്. കോളജ് പറളിക്കാട് ജ്ഞാനാശ്രമം വകയായിരുന്നപ്പോള് അവരുടെ താല്‍പ്പര്യ പ്രകാരം ഏതാനും സ്വയംസേവകര്‍ക്ക് അവിടെ നിയമനം നല്കാന് ആശ്രമം തയ്യാറായി. സംഘാധികാരിമാരോട് ആശ്രമാധികൃതര്ക്കുണ്ടായിരുന്ന സൗഹൃദം അതിനു കാരണമായി ഭവിച്ചു. വടക്കാഞ്ചേരിയിലും സമീപ സ്ഥലങ്ങളിലും ശാഖകള്‍ ആരംഭിക്കാന്‍ അതു സഹായകരമായി. ചരിത്രാധ്യാപകനായിരുന്ന പ്രൊഫ. ല്ക്ഷ്മീ നാരായണനും കൃഷ്ണനും അതിന് ചെയ്ത പ്രയത്നങ്ങളെപ്പറ്റി പലരും കൃതജ്ഞതാ പൂര്‍വം പറയുകയുണ്ടായി. പ്രൊഫസര്‍ പിന്നീട് ജനസംഘത്തിന്റെയും ബിജെപിയുടെയും സംസ്ഥാനതല ചുമതലകള്‍ വഹിച്ചിരുന്നു. അദ്ദേഹവും കന്യാകുമാരിയില്‍ ശിലാ സ്മാരകോദ്ഘാടനക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്നു.
അദ്ദേഹവും കൃഷ്ണനും കോളജില്‍നിന്നു വിരമിച്ച് എറണാകുളത്തും തൃപ്പൂണിത്തുറയിലുമായി കഴിയുകയാണ്.
കൃഷ്ണന്റെ വിദ്യാഭ്യാസം പയ്യോളിയിലെ പെരുമാള്‍ സ്കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു. പിണറായി വിജയനും ബ്രണ്ണന്‍ കോളജിലാണല്ലോ പഠിച്ചത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവ നേതാക്കളില്‍ വിജയന് മുന്നിലായിരുന്നു. ഊരിപ്പിടിച്ച കഠാരകള്‍ക്കു മുന്നിലൂടെ നെഞ്ചു വിരിച്ച് കോളജ് വരാന്തയിലൂടെ നടന്നുപോയതിനെക്കുറിച്ച് വീമ്പിളക്കിയ ചരിത്രവും കൃഷ്ണന് അനുസ്മരിച്ചു. അവര്‍ പഠിച്ചിരുന്ന ക്ലാസില്‍ ബഹുഭൂരിപക്ഷം പേരും കെഎസ്യുക്കാരായിരുന്നുവത്രേ. എസ്എഫ്ഐക്കാര്‍ ആറോ ഏഴോ പേര് മാത്രം. അവിടെ പ്രസംഗിക്കാനായി പൂര്‍വ വിദ്യാര്‍ത്ഥിയായി വന്നതു വിജയനായിരുന്നു. പ്രസംഗം തുടരാനും മുഴുമിക്കാനും കെഎസ്യുക്കാര് സമ്മതിച്ചില്ലത്രേ. അതിനെപ്പറ്റിയാണ് കത്തി കഠാരകളുമായി ആര്‍എസ്എസുകാര്‍ നേരിട്ടതായി വിജയന് വിലപിച്ചത്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് വീമ്പിളക്കിയത് ബ്രണ്ണന്‍ കോളജില്‍ ആര്‍എസ്എസ് ഇല്ല എന്നായിരുന്നു.
തലശ്ശേരിയില്‍ കലാപം നടന്ന 1971 ലൂം സിപിഎമ്മിന്റെ പങ്കിനെപ്പറ്റി അദ്ദേഹം അനുസ്മരിച്ചു. അന്നവിടെ പോലീസ് സൂപ്രണ്ടായിരുന്ന അജിത് ഡോവലിന് (ഇന്നത്തെ പ്രധാനമന്ത്രിയുടെ രാജ്യരക്ഷാ ഉപദേഷ്ടാവിന്) അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. വിതയത്തില്‍ കമ്മീഷനു മുന്പില് അക്കാര്യം അദ്ദേഹം ധരിപ്പിക്കുകയും ചെയ്തിരുന്നു.
1952 ല്‍ ഗോഹത്യാ നിരോധന പ്രക്ഷോഭകാലത്ത് പയ്യോളയിലെ കീഴൂരില്‍ പൊതുയോഗം നടക്കുമ്പോള്‍ മുസ്ലിങ്ങള്‍ കാളക്കുട്ടനെ അറുത്തു ഇറച്ചി വിതരണം ചെയ്തതും, അവിടെ കേളപ്പജിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഗോരക്ഷാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സോഷ്യലിസ്റ്റ് പ്രവര്ത്തകന് കണ്ണന് ഗുമസ്തനെ രാത്രിയില്‍ വീട്ടില്‍ കയറി കുത്തിക്കൊന്ന രണ്ടുപേരെ മരച്ചാലില്‍ പക്കു, മീന്‍ചിറയില്‍ മൂസ എന്നിവര്‍ക്ക് കോടതി വധശിക്ഷ നല്കിയതും കൃഷ്ണന് അനുസ്മരിച്ചു.
1969 ല്‍ മെയ് മാസത്തില്‍ പയ്യോളി കടപ്പുറത്ത് സംഘശാഖ നടത്തി വന്ന സ്ഥലം പിടിച്ചെടുക്കാന്‍ ആയിരത്തോളം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമേന്തി വരികയുണ്ടായി. സ്വയംസേവകര്‍ അതു തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ആക്രമിക്കാന്‍ വന്നവര്‍ ആള്മാറിപ്പോകാതിരിക്കാന് ചുവന്ന ബാഡ്ജ് അണിഞ്ഞിരുന്നു. ആ സമയത്ത് കടലില്‍ നിന്നു മടങ്ങിയെത്തിയവര്‍ പ്രശ്നം ഏറ്റെടുത്തു. അക്രമികള്‍ പലായനം ചെയ്തു. ഈ സംഭവത്തെപ്പറ്റി യുക്തിഭദ്രമായ കേസ് ഫയല്‍ ചെയ്യാന്‍ പോലും കഴിയാതെ വിചാരണ കൂടാതെ തന്നെ കീഴ്കോടതി നിരാകരിക്കുകയായിരുന്നു. തന്റെ ശാഖയിലെ സ്വയംസേവകരുടെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ കൃഷ്ണന് അനുസ്മരിച്ചതു മറക്കാനാവില്ല.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ നിന്ന് വിജയന് വിളിച്ചത് ഈ പംക്തി വായിച്ചതിന്റെ സന്തോഷമറിയിക്കാനായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുന്‍പു തന്നെ തന്റെ ഗ്രാമത്തില്‍ സംഘപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു വന്ന ആളാണദ്ദേഹം. സംഘത്തോട് പ്രതികൂല ഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പിതാവ് അവിടത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനു മാധവജിയുടെ ധര്‍മപ്രബോധനം കേള്‍ക്കാനിടയായതും മനഃപരിവര്‍ത്തനം തുടങ്ങിയതും അറിയിച്ചു. ചെന്നൈയില്‍ ജോലി ലഭിച്ച് കഴിയുന്നതിനിടെ അവിടത്തെ സംഘപ്രവര്‍ത്തകരുമായി അദ്ദേഹം അടുത്തു പെരുമാറി. ഹിന്ദു മുന്നണിയുടെ സ്ഥാപകനും, തമിഴ്നാട്ടിലെ ഇസ്ലാമിക തീവ്രവാദികള്‍ ഒന്നിലേറെത്തവണ ആക്രമണ ലക്ഷ്യമാക്കിയ രാമഗോപാലനെക്കുറിച്ച് അദ്ദേഹം ഹൃദയസ്പര്‍ശിയായ പരാമര്‍ശങ്ങള്‍ നടത്തി. തമിഴ്നാട്ടിലും വിദേശത്തുമൊക്കെ ജോലി ചെയ്യാന്‍ സഞ്ചരിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിക്കഴിയുന്ന വിജയന് ഇപ്പോള്‍ അവിടെ ജന്മഭൂമിയുടെ ഏജന്‍സിയെടുത്തു പ്രവര്‍ത്തിക്കുന്നു. ഏറെക്കാലം പ്രാന്തകാര്യവാഹും, പ്രാന്ത സംഘചാലകുമായിരുന്ന ടി.വി. അനന്തേട്ടനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ട്. പ്രസിദ്ധി പരാങ്മുഖത സംഘത്തിന്റെ ഒരു തത്വമാണെന്നത് അദ്ദേഹം ഓര്മക്കുന്നുണ്ടാവില്ല.
പഴയ സ്വയംസേവകരുമായുള്ള ഇത്തരം മുഖാമുഖം വളരെ സന്തോഷവും സംതൃപ്തിയും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: