തൊടുപുഴ: കൊറോണ പ്രതിസന്ധിയിൽ പെട്ട് അന്യനാട്ടിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് വീട്ടിലെത്താൻ നിമിത്തമായ തൊടുപുഴ താഴത്തു പാറയ്ക്കാട്ട് (ശാന്തി ഭവനത്തിൽ) ടി.എൻ.കൃഷ്ണകുമാർ എന്ന പ്രവാസിക്ക് ബിജെപിയുടെ ആദരം. പ്രവാസിയായ കൃഷ്ണകുമാറിന്റെ അസാന്നിധ്യത്തിൽ അമ്മ രാജലക്ഷ്മി അമ്മാളെ ബിജെപി ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ. എസ് അജിയുടെ നേതൃത്വത്തിൽ ആദരിച്ചു.
പ്രചോദനമായത് മകന്റെ ഓർമകൾ
അന്യനാട്ടിൽ കുടുങ്ങിയ പാവങ്ങൾക്ക് നാട്ടിലെത്താൻ ടിക്കറ്റെടുത്ത് നൽകുവാൻ ഇദ്ദേഹത്തിന് പ്രേരണയായത് അകാലത്തിൽ പൊലിഞ്ഞു പോയ മകന്റെ ഓർമ്മകളാണ്.
ആർഎംബി ഗ്രൂപ്പിന്റെ സെയിൽസ് മാർക്കറ്റിങ് ഹെഡായ കൃഷ്ണകുമാർ 32 വർഷമായി ദുബായിലാണ് താമസം. അന്ന് മുതൽ നാട്ടിലും, വിദേശത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. കഴിഞ്ഞ ക്രിസ്മസ് കൃഷ്ണകുമാറിന് ഒരു തീരാവേദന നൽകിയാണ് പോയത്. യുകെയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൻ രോഹിതി(19) ന്റെ ജീവൻ ഒരു കാറപകടത്തിലുടെ കവർന്നത് അന്നാണ്.
നെഞ്ചു തകരുന്ന വേദന ഉള്ളിലുള്ളപ്പോഴും വനവാസി മേഖലകളിലും മറ്റും സഹായങ്ങൾ ചെയ്തിരുന്ന രോഹിതിന്റെ ഓർമ നിലനിർത്താൻ സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ കൃഷ്ണകുമാർ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അക്കാഫ് എന്ന സംഘടനയുടെ ചാർട്ടേഡ് ഫ്ളൈറ്റുകളിലെ 61 ടിക്കറ്റുകൾ അദ്ദേഹം സ്പോൺസർ ചെയ്യുന്നത്. അത് ജോലി നഷ്ടപ്പെട്ടവർക്കും നാട്ടിലേക്ക് പോകാൻ ഒരു വഴിയുമില്ലാത്തവർക്കും വലിയൊരു സഹായവുമായി.
ഇദ്ദേഹത്തിന്റെ സഹായത്താൽ 61 പേരാണ് കടൽ താണ്ടി വീടണഞ്ഞത്. ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി അമ്പിളി അനിൽ , യുവമോർച്ച ഇടുക്കി ജില്ലാ പ്രസിഡൻ്റ് വിഷ്ണു പുതിയേടത്ത്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, യുവമോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ സന്നിധ്യത്തിലാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് കൃഷ്ണ കുമാറിന്റെ അമ്മയെ ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: