ന്യൂദല്‍ഹി: റംസാന് കാലത്ത് ഭക്ഷണ കിറ്റുകളും മസ്ജിദുകളിലേക്ക് ഖുറാന്റെ കോപ്പികളും നല്കുന്ന അറബ് സമൂഹത്തിന്റെ പരമ്പരാഗത രീതികള്‍ നടപ്പാക്കാന്‍ യുഎഇയെ സഹായിക്കുകയാണ് ചെയ്തതെന്ന സംസ്ഥാന മന്ത്രി കെ.ടി. ജലീലിന്റെ പുതിയ വാദം അസംബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത്തരത്തില്‍ മറ്റൊരു വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റിന് പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയം വഴി മാത്രമേ സാധിക്കൂ. വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് യുഎഇ കോണ്‍സുലേറ്റിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്തു നല്കാന് കെ.ടി. ജലീലിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
തികച്ചും ചട്ടവിരുദ്ധമായ പ്രവൃത്തിയാണ് കെ.ടി ജലീലിന്റെ ഭാഗത്തുനിന്നുണ്ടാതെന്ന് കൂടുതല്‍ വ്യക്തമാകുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വന്തം മണ്ഡലത്തിലേക്ക് മറ്റൊരു രാജ്യത്ത് നിന്ന് സഹായങ്ങള്‍ വാങ്ങിയ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സക്കാത്തെന്നും ഖുറാന് വിതരണമെന്നും മറ്റും പറഞ്ഞ് വിഷയത്തെ മതപരമാക്കി രക്ഷപെടാനുള്ള ഗൂഢശ്രമമാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നത് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇതടക്കം ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ തിരുവനന്തപുരം കോണ്‍സുലേറ്റുമായും സംസ്ഥാന സര്‍ക്കാരുമായും ബന്ധപ്പെട്ട് നടന്നതായും മന്ത്രാലയം വിലയിരുത്തുന്നു.
ഇന്ത്യയും യുഎഇയും തമ്മില്‍ മതാടിസ്ഥാനത്തിലുള്ള ബന്ധമല്ലെന്ന് ജലീല്‍ ഓര്‍ക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പ്രതികരിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നയതന്ത്ര ബന്ധം മാത്രമാണുള്ളത്.
കൃത്യമായ രാജ്യാന്തര ധാരണകളും വ്യവസ്ഥകളുമുണ്ട്. അതൊന്നും മനസ്സിലാക്കാതെ കോണ്‍സുലേറ്റില്‍ നിന്ന് ജലീല്‍ കിറ്റുകള്‍ കൈപ്പറ്റിയത് തെറ്റാണെന്നും ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ഇതൊക്കെ ചെയ്യും മുമ്പ് അറിയാവുന്നവരോട് മന്ത്രി അന്വേഷിക്കേണ്ടതുണ്ടെന്നും വി. മുരളീധരന് പ്രതികരിച്ചു.
പ്രോട്ടോക്കോള്‍ ലംഘിച്ച് മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയ മന്ത്രി ജലീലില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടണം. സ്വന്തം മന്ത്രിസഭയിലെ അംഗം പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാല്‍ വിശദീകരണം ചോദിക്കേണ്ട കടമ മുഖ്യമന്ത്രിക്കുണ്ടെന്നും വിദേശകാര്യ സഹമന്ത്രി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: