ബാലരാമപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെ ബാലരാമപുരം പഞ്ചായത്ത് ആശങ്കയിലായി. കഴിഞ്ഞ 23ന് ബാലരാമപുരം കല്‍പ്പടിയില്‍ ആഡിറ്റോറിയത്തിലാണ് വിവാഹസല്‍ക്കാരം നടന്നത്. ഇക്കഴിഞ്ഞ 21ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മൂന്നു ദിവസത്തിനു ശേഷവും ഈ മേഖല കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചില്ല. മാത്രമല്ല 600ല്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹസല്‍ക്കാരം ഒരുക്കുന്നതിനു വേണ്ടിയുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്തു.
600ല്‍ കൂടുതല്‍ പേര് ഈ വിവാഹത്തില്‍ പങ്കെടുക്കുമെന്നും വരും ദിനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ആഡിറ്റോറിയം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ബിജെപി മെമ്പര്‍ രാജേഷ് പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും, മെഡിക്കല്‍ ഓഫീസര്‍ക്കും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കള്‍, സിപിഎം വാര്‍ഡ് മെമ്പര്‍, ബ്ലോക്ക് മെമ്പര്‍ തുടങ്ങി ജനപ്രതിനിധികളും, സിപിഎം ജില്ലാ നേതാക്കളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു സംഖ്യ തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഇത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ച രോഗികളും ഈ വിവാഹത്തില്‍ പങ്കെടുത്തവരാണ്.
മുഖ്യമന്ത്രി തന്നെ പേരെടുത്തു പറഞ്ഞ ബാലരാമപുരത്തെ ഗുരുതരാവസ്ഥയ്ക്ക് കാരണം സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തും ഒപ്പം മാസ്ക് പോലും ധരിക്കാതെ വിവാഹത്തില്‍ പങ്കെടുത്ത് തെറ്റായ സന്ദേശം നല്കുന്ന എംഎല്‍എയും ആണ്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പോലും സിപിഎം, യുഡിഎഫ് നേതാക്കള്‍ പാലിക്കുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.
ബാലരാമപുരം ഗ്രാമപഞ്ചായത്ത് അനധികൃതമായി കല്യാണ സല്‍ക്കാരം നടത്തിയ ആഡിറ്റോറിയത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊറോണ പഞ്ചായത്തില്‍ വ്യാപിക്കാന്‍ ഇടയാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ബിജെപി ബാലരാമപുരം നോര്‍ത്ത് മേഖല പ്രസിഡന്റ് പുന്നക്കാട് ബിജു പ്രതിഷേധമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: