തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റ് സന്ദര്‍ശിക്കാതെ, ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ലൂയിസ് ബര്‍ഗറിനെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും ചുമതലപ്പെടുത്തിയത് വിവാദത്തില്‍. ഇതേ കണ്‍സള്‍ട്ടന്‍സിയെ തന്നെയാണ് പരിസ്ഥിതി ആഘാത പഠനത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നത്. ചെറുവള്ളി ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും എസ്റ്റേറ്റിലെത്തി പരിശോധിച്ചതായി അറിയില്ലെന്ന് എസ്റ്റേറ്റിലെ തൊഴിലാളികളും സമീപവാസികളും പറയുന്നു.
ഇത്തരം ആഗോള കണ്‍സള്‍ട്ടന്‍സികള്‍ നേരിട്ട് പഠനം നടത്തുന്നതിന് പകരം മറ്റേതെങ്കിലും തദ്ദേശീയമായ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം ഒരേ ഏജന്‍സിക്ക് നല്‍കിയതാണ് സംശയത്തി
ന് ഇടയാക്കിയത്. വ്യോമയാന മന്ത്രാലയത്തിന്റെ കീഴില്‍ വേറെ ഏജന്‍സികള്‍ ഉളളപ്പോഴാണ് ലൂയിസ് ബര്‍ഗറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്തത്. സാധ്യതാ പഠന റിപ്പോര്‍ട്ടിന് സിയാലിനെ ഏല്‍പ്പിച്ചാലും മതിയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വിമാനത്താവളങ്ങള്‍ക്കായി കണ്‍സള്‍ട്ടന്‍സിയായി ലൂയീസ് ബര്‍ഗര്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
READ MORE: സര്‍ക്കാര്‍ പുതിയ കുരുക്കില്‍; ലൂയിസ് ബര്‍ഗറുമായുള്ള ഇടപാടിലും ദുരൂഹത
എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച വ്യവഹാരങ്ങള്‍ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണന്ന് പറയുമ്പോള്‍ തന്നെയാണ് പണം കൊടുത്ത് അതേ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വന്ന് ചേരാത്ത ഭൂമിയില്‍ നടത്തുന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് അനുമതി കിട്ടുക പ്രയാസമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
തര്‍ക്ക ഭൂമിയില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടുക ഏറെ പ്രയാസകരമാണ്. നിര്‍ണായകമാണ് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ സാമിപ്യം, എസ്റ്റേറ്റില്‍ വനഭൂമി ഉള്‍പ്പെട്ടിരിക്കുന്നത് എന്നിവയെല്ലാം നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: