അയോധ്യ: അയോധ്യ അഭൂതപൂര്‍വമായ ഒരുക്കത്തിലാണ്. എങ്ങും രാമനാമവും ശംഖനാദവും മുഴങ്ങുന്നു. വീടുകളില്‍ ശ്രീരാമന്റെ പട്ടാഭിഷേകത്തിനായുള്ള തയാറെടുപ്പ്. ഭവ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ഒരുങ്ങുകയാണ് രാമജന്മഭൂമി. ആഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിനാണ് രാമഭക്തര്‍ കാത്തിരിക്കുന്നത്.
വഴിയോരങ്ങള്‍ വര്‍ണാഭമാക്കാന്‍ ഓരോ പ്രദേശങ്ങളായി തിരിഞ്ഞ് തയാറെടുക്കുകയാണ് അയോധ്യവാസികള്. എല്ലാ വീടുകളിലും അന്നേ ദിവസം രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ പൂക്കളമാക്കി ഒരുക്കും. വീടുകള്‍ അലങ്കരിക്കും. വീടിന് മുകളില്‍ ശ്രീരാമന്റെ ശില്പ്പങ്ങള് ഒരുക്കും. ഭൂമി പൂജയുടെ സമയത്ത് ആരതി ഉഴിയും. പകല്‍ മുതല്‍ രാമായണ വായനയില്‍ മുഴുകും.
സര്‍വം കാവിമയമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കാവി നിറം വഴിയോരങ്ങളില്‍ വിതറും. ആഗസ്റ്റ് അഞ്ചിന് എല്ലാവരും കാവി വസ്ത്രമാകും ധരിക്കുക. ക്ഷേത്രത്തിലേക്കുള്ള വഴിയോരങ്ങളുടെ ഇരുവശത്തും രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ചിത്രമാക്കും. നൃത്തങ്ങളും മറ്റ് കലാപരിപാടികളും പാടില്ലാത്തതിനാല്‍ രാമകീര്‍ത്തനം അയോധ്യയിലുടനീളം കേള്‍പ്പിക്കും. ശ്രീരാമന്റെ പട്ടാഭിഷേകത്തിന്റെ പ്രതീതിയാണ് രാമക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്. അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ എത്തുന്നതിനാല്‍ അയോധ്യ കര്‍ശന സുരക്ഷാ വലയത്തിലാണ്. ഇരുനൂറ് പേര്‍ക്കാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനാവുക. ഇതില്‍ നൂറ് പേര് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാരാണ്. ഇവര്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും പൂജാരിമാരും സുരക്ഷാ ജീവനക്കാരുമുണ്ടാകും. അയോധ്യയില്‍ വലിയ സ്ക്രീനുകളില്‍ തത്സമയ സംപ്രേഷണമുണ്ട്.
മനോജ് ഭാസ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: