ആലപ്പുഴ: പദ്ധതികള്‍ നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ആശ്രയിക്കുന്നത് ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ച് ധനമന്ത്രി തോമസ് ഐസക്ക്. വലിയ പ്രോജക്ടുകളുടെ വിശദമായ രൂപരേഖ നടപ്പാക്കാന്‍ ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ എന്നാണ് ഐസക്ക് പറയുന്നത്. കൂടുതല്‍ ആളുകളെ സര്‍ക്കാരിലെടുത്ത് അവരെയൊക്കെ പരിശീലിപ്പിച്ച് ഈ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചാല്‍ അവയൊന്നും അടുത്തകാലത്തൊന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നും ഐസക്ക് സമൂഹമാദ്ധ്യമ കുറിപ്പില്‍ ആക്ഷേപിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്തിനാണ് കണ്‍സള്‍ട്ടന്‍സികളുടെ പുറകേ പോകുന്നത്? എഞ്ചിനീയര്‍മാരും വിദഗ്ദരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം പണിതുകൊണ്ടിരുന്നത്. പിന്നെ ഇപ്പോള്‍ എന്തിനു കണ്‍സള്‍ട്ടന്‍സി? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒട്ടേറെ ശുദ്ധാത്മാക്കളുണ്ടെന്നും ഐസക്ക് പറയുന്നു.
ചില പ്രോജക്ടുകള്‍ നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സികള്‍ പലകാരണങ്ങള്‍കൊണ്ട് അനിവാര്യമായിത്തീരുന്ന ഒരു സാഹചര്യം ഇന്നുണ്ട്. കിഫ്ബിയില്‍ നിന്നുമാത്രം ഇന്ന് ഏതാണ്ട് 50000 കോടി രൂപയുടെ പ്രോജക്ടുകളാണ് നടപ്പിലാവുന്നത്. ഇതിനു പുറമേയാണ് സില്‍വര്‍ ലൈനും റീബില്‍ഡ് കേരളയും മറ്റും വഴിയുള്ള പ്രോജക്ടുകള്‍. ഒരു കാലത്തും ഇതുപോലെ നമ്മുടെ നാട്ടില്‍ മുതല്‍മുടക്ക് ഉണ്ടായിട്ടില്ല.
വന്‍കിട പദ്ധതികള്‍ക്കു വേണ്ടിവരുന്ന പണം പ്രത്യേകമായി വായ്പയെടുക്കേണ്ടിവരും. ഇതിനായി ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടുന്ന വിശദാംശങ്ങളോടെ പദ്ധതികളുടെ വിശദമായ രേഖ തയ്യാറാക്കാന്‍ പ്രാവീണ്യം ഇത്തരം കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കുണ്ട്. കെ-ഫോണിന്റെ പ്രോജക്ടിന് നബാര്‍ഡില്‍ നിന്നും ആയിരത്തില്‍പ്പരം കോടി രൂപ വായ്പയായി കിഫ്ബിക്ക് ലഭിച്ചത് പ്രോജക്ട് രേഖയുടെ മികവിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും ഐസക്ക് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: