തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും നിലവിലുള്ള ഐടി ഇൻഫ്രാസ്ട്രക്ചറൽ സൗകര്യങ്ങളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പഠന അന്തരീക്ഷവും വിലയിരുത്തുന്നതിനായി സർവേ നടത്താൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗൺസിൽ നടപടികൾ ആരംഭിച്ചു. കൗൺസിലിന്റെ കേരള ഉന്നത വിദ്യാഭ്യാസ സർവേ യൂണിറ്റാണ് സർവേയ്‌ക്ക് നേതൃത്വം നൽകുന്നത്.
സർവ്വകലാശാകൾ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോർട്ടൽ (http://www.kshec.kerala.gov.in/) അധിഷ്ഠിത സർവേ പരിധിയിൽ വരും. ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ഓൺലൈൻ പഠനം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സർവ്വേ നടത്താൻ കൗൺസിൽ തീരുമാനിച്ചത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചു, കോളേജുകൾക്കും സർവകലാശാലകൾക്കുമിടയിൽ, അവരുടെ ഫാക്കൽറ്റി പ്രൊഫൈൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലാസ് മുറികൾ, ഗതാഗതം, ഹോസ്റ്റലുകൾ, കരിക്കുലർ, കോ-കരിക്കുലർ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. അതുപോലെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്ഥാപനതലത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ മാനദണ്ഡങ്ങളും ഉണ്ടായിരിക്കണം. കേരളത്തിൽ നിലവിലുള്ള ഡിജിറ്റൽ വിഭജനത്തിന്റെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഡിജിറ്റൽ വിഭജനം കുറച്ച് കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരികേണ്ടത് അത്യാവശ്യമാണ്.
ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, കണക്റ്റിവിറ്റി, വിശ്വസനീയമായ വിവരങ്ങൾ എന്നിവയുടെ ലഭ്യത ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ സഹായിക്കും. ഓൺലൈൻ സമ്പ്രദായത്തിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരിക്കണം.അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിലുള്ള ഡിജിറ്റൽ വിഭജനം നികത്തുന്നത് അക്കാദമിക പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.സർവേയുടെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും വിലയിരുത്താനും ഇത് സംബന്ധിച്ച ശുപാർശകൾ സംസ്ഥാന സർക്കാരിനും സർവകലാശാലകൾക്കും ഫണ്ടിംഗ് ഏജൻസികൾക്കും നൽകാനുമാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്.
സർവ്വകലാശാലകളും കോളേജുകളും നിർദ്ദിഷ്ട സർവേ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള ചോദ്യാവലിയിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച് ആഗസ്റ്റ് 10നകം ഓൺലൈനായി കൗൺസിലിന് സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: