ബിജെപിയുടെ നിലവിലുള്ള പല എംപിമാരും കോണ്‍ഗ്രസ്സില്‍നിന്നു വന്നവരാണ് എന്നൊരു വാദം മറ്റു പലരെയും പോലെ കോടിയേരിയും ഉന്നയിക്കുന്നുണ്ട്. പക്ഷേ ഇതെങ്ങനെ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് തെളിവാകും? കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് പാര്‍ട്ടി വിട്ടവരാണ് ഈ നേതാക്കള്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് വിരുദ്ധമായ ഒരു പാര്‍ട്ടിയിലെ ഇവര്‍ക്ക് ചേരാനാവൂ. അത് ബിജെപിയാണ്. കോണ്‍ഗ്രസ്സിന്റെ ബി ടീം ആയതിനാലാണ് ഈ നേതാക്കള്‍ സിപിഎമ്മില്‍ ചേരാതിരുന്നത്. കോണ്‍ഗ്രസ്സിനോടുള്ള വിയോജിപ്പുകൊണ്ട് സിപിഎമ്മില്‍ ചേരുന്നതുപോലെ അസംബന്ധമായി മറ്റൊന്നില്ല. കാരണം അത് കോണ്‍ഗ്രസ്സില്‍ തുടരുന്നതിന് തുല്യമായിരിക്കും. കോണ്‍ഗ്രസ്സും സിപിഎമ്മും രാഷ്ട്രീയമായി സയാമീസ് ഇരട്ടകളും ഭരണപരമായി ഒരേ തൂവല്‍ പക്ഷികളുമാണ്. ഇടതുമുന്നണിയിലും ഐക്യമുന്നണിയിലും ഇപ്പോഴുള്ള കക്ഷികളുടെ കാര്യം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും. പല കക്ഷികളുടെയും ഓരോ വിഭാഗങ്ങളെ ഇരുമുന്നണികളിലും കാണാം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണ പങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടി രണ്ട് മുന്നണികളായി നില്‍ക്കുന്നതിനുപരി ഈ പാര്‍ട്ടികള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
അഴിമതിയുടെ കാര്യത്തില്‍ പോലും കാണാം കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലെ അദ്ഭുതകരമായ സാമ്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഭരണത്തിന്റെ അവസാന നാളുകളില്‍ വേട്ടയാടിയത് സോളാര്‍ അഴിമതിയാണെങ്കില്‍, മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് സ്വര്‍ണ്ണക്കടത്തു കേസാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ളവരെപ്പോലെ പിണറായിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ ആരോപണ വിധേയനായിരിക്കുന്നു. സോളാര്‍ കേസ് കൊഴുപ്പിച്ചത് സരിത നായരായിരുന്നുവെങ്കില്‍, സ്വര്‍ണ്ണക്കടത്തു കേസില്‍ ആ സ്ഥാനം സ്വപ്ന സുരേഷിനാണ്.
അഴിമതി ഒതുക്കുന്ന കാര്യത്തിലായാലും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുന്നത് കാണാം. പിണറായി പ്രതിയായ ലാവ്ലിന് കേസില്‍ ഐക്യമുന്നണി സര്‍ക്കാരും, ഉമ്മന്‍ചാണ്ടി ആരോപണ വിധേയനായ സോളാര്‍ കേസ് ഇടതുമുന്നണി സര്‍ക്കാരും എത്ര സമര്‍ത്ഥമായാണ് ഒതുക്കിക്കൊടുത്തത്. ഇങ്ങനെ പാര്‍ട്ടിയെന്ന നിലയ്ക്കു നോക്കിയാലും, മുന്നണിയെന്ന നിലയ്ക്കു നോക്കിയാലും കോണ്‍ഗ്രസ്സും സിപിഎമ്മും മാറി മാറി അധികാരത്തിലേറാന്‍ പരസ്പരം സഹായിക്കുന്ന പാര്‍ട്ടികളാണ്. ഇതും ഒരു ‘കേരള മോഡല്‍’ ആണ്.
കേരളത്തില്‍ ഗുസ്തിയും ദല്‍ഹിയില്‍ ദോസ്തിയുമായി കഴിയുന്ന ഇക്കൂട്ടരുടെ കാപട്യം ജനങ്ങള്‍ പലയാവര്‍ത്തി കണ്ടിട്ടുള്ളതാണ്. അതില്‍ പുതുമയില്ല. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലെ ഈ കള്ളനും പോലീസും കളിയില്‍ ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമുണ്ട്. ഇരു പാര്‍ട്ടികളെയും നയിക്കാന്‍ ശരിക്കും കോമാളികളായ രണ്ട് നേതാക്കളെ ഒരേസമയം ലഭിച്ചിരിക്കുന്നു-മുല്ലപ്പള്ളി രാമചന്ദ്രനും കോടിയേരി ബാലകൃഷ്ണനും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും ബിജെപിയും സഖ്യമുണ്ടാക്കുകയാണെന്ന് കോടിയേരി പ്രഖ്യാപിക്കുമ്പോള്‍, സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് മുല്ലപ്പള്ളിക്ക് വെളിപാടുണ്ടായിരിക്കുന്നു. ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുകയാണ് തങ്ങളെന്ന് ഇവര്‍ അറിയുന്നില്ല.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന ബിജെപി, കേരളത്തില്‍ മാത്രം അനുകൂലിക്കുന്നുവെന്നാണ് കോടിയേരിയുടെ പരാതി. ഈ പ്രസ്താവനയില്‍ തന്നെയുണ്ട് ഇതിനുള്ള മറുപടി. ബിജെപി ഒരു ദേശീയപാര്‍ട്ടിയാണ്. മറ്റിടങ്ങളിലൊക്കെ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന അവര്‍ക്ക് കേരളത്തില്‍ മറിച്ചൊരു നയം സ്വീകരിക്കാനാവില്ല. സിപിഎം അടക്കം ഇടതുപാര്‍ട്ടികളുമായും മറ്റ് പാര്‍ട്ടികളുമായും ബിജെപിയും അതിന്റെ പൂര്‍വരൂപമായ ഭാരതീയ ജനസംഘവും സഖ്യമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി മാത്രമാണ് ഇത്തരമൊരു സഖ്യമുണ്ടാക്കാത്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്കൊക്കെ ബോധ്യമുള്ളകാര്യമാണ്. ചരിത്രപരമായിത്തന്നെ കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത് ബിജെപിയാണ്. അതാണിപ്പോള്‍ മോദി ഭരണത്തില്‍ ‘കോണ്‍ഗ്രസ്സ് മുക്ത ഭാരത’ത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ്-ഇടതുപക്ഷ സഹകരണവും ചരിത്രപരമായ സത്യമാണ്. നെഹ്റു കുടുംബത്തിന്റെ സ്വേച്ഛാധിപത്യത്തെ വെള്ള പൂശിയത് ഇടതുപക്ഷ ചരിത്രകാരന്മാരാണല്ലോ.
കോണ്‍ഗ്രസ്സിനെ ബിജെപി എതിര്‍ക്കുകയാണെന്ന് കോടിയേരി തന്നെ സമ്മതിക്കുന്ന സംസ്ഥാങ്ങളില്‍ സിപിഎമ്മിന്റെ നിലപാടെന്താണ്? ആരുമായാണ് ഈ പാര്‍ട്ടിക്ക് അവിടങ്ങളില്‍ സഖ്യം? കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സുമായി സിപിഎം പരസ്യ സഖ്യത്തിലാണ്. രാഷ്ട്രീയ സഖ്യവും തെരഞ്ഞെടുപ്പ് സഖ്യവും ഭരണ സഖ്യവും. പശ്ചിമബംഗാളില്‍, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യമായാണ് മത്സരിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ധാരണയുണ്ടാക്കി. രണ്ടവസരത്തിലും പ്രതീക്ഷിച്ചതുപോലെ വിജയിക്കാനായില്ലെന്നു മാത്രം. ത്രിപുരയിലും ബിജെപിക്കെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ടായി മത്സരിച്ചു.
മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സിനൊപ്പമാണ് സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ജയിക്കാനായത് കോണ്‍ഗ്രസ്സിന്റെയും പിന്തുണ നേടിയാണ്. അവിടുത്തെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന സര്‍ക്കാരിനെ സിപിഎം പിന്തുണയ്ക്കുന്നുമുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നവരില്‍ സിപിഎമ്മിന്റെ ഏക എംഎല്‍എ ബല്‍വാന്‍ പുനിയയുമുണ്ട്. കേരളത്തില്‍പ്പോലും ബിജെപിയുടെ മുന്നേറ്റം തടയാന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ തോല്‍വി വകവയ്ക്കാതെ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം കൈകോര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ പല നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലും നിരവധി തവണ ഇതുണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയല്ലാതെ ബിജെപിയെ ചെറുക്കാനാവില്ലെന്ന് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വത്തിനറിയാം.
ബിജെപിയുടെ നിലവിലുള്ള പല എംപിമാരും കോണ്‍ഗ്രസ്സില്‍നിന്നു വന്നവരാണ് എന്നൊരു വാദം മറ്റു പലരെയും പോലെ കോടിയേരിയും ഉന്നയിക്കുന്നുണ്ട്. പക്ഷേ ഇതെങ്ങനെ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് തെളിവാകും? കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് പാര്‍ട്ടി വിട്ടവരാണ് ഈ നേതാക്കള്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് വിരുദ്ധമായ ഒരു പാര്‍ട്ടിയിലെ ഇവര്‍ക്ക് ചേരാനാവൂ. അത് ബിജെപിയാണ്. കോണ്‍ഗ്രസ്സിന്റെ ബി ടീം ആയതിനാലാണ് ഈ നേതാക്കള്‍ സിപിഎമ്മില്‍ ചേരാതിരുന്നത്. കോണ്‍ഗ്രസ്സിനോടുള്ള വിയോജിപ്പുകൊണ്ട് സിപിഎമ്മില്‍ ചേരുന്നതുപോലെ അസംബന്ധമായി മറ്റൊന്നില്ല. കാരണം അത് കോണ്‍ഗ്രസ്സില്‍ തുടരുന്നതിന് തുല്യമായിരിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ്. ജയിച്ച് പാര്‍ലമെന്റിലെത്തിയാല്‍ തങ്ങളെ പിന്തുണക്കേണ്ടവരല്ലേ നിങ്ങള്‍ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ യുക്തി. ഇത് ശരിയുമായിരുന്നു. ഇതേ മുല്ലപ്പള്ളിയാണ് ഇപ്പോള്‍ ബിജെപിയും സിപിഎമ്മുമായി സഖ്യത്തിനു ശ്രമിക്കുന്നുവെന്ന് വിടുവായത്തം പറയുന്നത്. ബുദ്ധിശൂന്യവും അഹങ്കാര പൂര്‍ണവുമായ അവകാശവാദങ്ങളുന്നയിച്ചും വെല്ലുവിളി നടത്തിയും സ്വയം പരിഹാസപാത്രമാകുന്നതില്‍ ആനന്ദം അനുഭവിക്കുന്ന ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടിയില്‍ മുല്ലപ്പള്ളിമാര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: