ഇരിട്ടി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി മേഖലയില്‍ അതീവ്ര ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത കുറവ് മൂലമുള്ള കോവിഡ് വ്യാപനം തടയുന്നതിനായി ഇരിട്ടി മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചില സംഭവങ്ങള്‍ പൊതുജനങ്ങളെ ആശങ്കയിലാക്കിയതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടായത്. ക്വാറന്റൈന് ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് തടയുന്നതില്‍ ഉണ്ടായ വീഴ്ച്ചയാണ് ഇതിന് പ്രധാന കാരണം. വാര്‍ഡ് തല സുരക്ഷാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും കര്‍ശനമാക്കേണ്ടതിന്റെ പ്രധാന്യമാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി ജന്മദിനാഘോഷം സംഘടിപ്പിച്ചതും അയാള്‍ പലസ്ഥലങ്ങളിലും കറങ്ങിനടന്നതും കണ്ടെത്തുന്നതില്‍ വീഴ്ച്ചയുണ്ടായി. ഇയാള്‍ക്ക് കോവിഡ് പോസറ്റീവ് ആയതോടെ നിരവധിപേരാണ് നിരീക്ഷണത്തിലായത്. ഇയാളുമായി ഹൈറിസ്ക്ക് സമ്പര്‍ക്കത്തിലുണ്ടായ ഇരുപതോളം പേരും കുട്ടികള്‍ഉള്‍പ്പെടെ 200 ഓളം പേര്‍ക്കുമാണ് സെക്കണ്ടറി സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. ഇവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ ആര്‍ക്കെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായാല്‍ പ്രദേശം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരും.
ആറളം പോലീസ് സ്റ്റേഷനില്‍ 21 പോലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച റിമാണ്ട് പ്രതിയുമായി സമ്പര്‍ക്കം ഉണ്ടായ ഏഴ് പോലീസുകാര്‍ക്ക് പുറമെ 14 പേര് കൂടി നിരീക്ഷണത്തില്‍ പോകേണ്ടി വന്നത് ജാഗ്രതക്കുറവ് മൂലമാണ്. കണ്ണൂര്‍ പോലീസ് കാന്റീനില്‍ വെച്ച് സമ്പര്‍ക്കത്തിലായ പോലീസുകാരന് നിരീക്ഷണ കാലത്ത് സ്റ്റേഷനില്‍ എത്തിയതാണ് സമ്പര്ക്കത്തിനിടയാക്കിയിരിക്കുന്നത്.
കാലിന് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി പെരിങ്ങാനം സ്വദേശിനിയായ 48 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതും പ്രദേശത്ത് ജനങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കി. കാലിന് പരിക്കേറ്റ ഇവര്‍ ആദ്യം തലശ്ശേരിയിലും പിന്നീട് കണ്ണൂര്‍ ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കായിരുന്നു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലുടെ ഉള്‍പ്പെടെ രോഗം ബാധിച്ചവര്‍ രോഗമുക്തരായി. അന്യസംസ്ഥാനങ്ങളില്‍ മൂന്നു പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.അയ്യന്‍കുന്ന് പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.
മേഖലയില്‍ സമൂഹ വ്യാപന സാധ്യത ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുമ്പത്തെക്കാള്‍ കഠിനമാക്കണമെന്നും ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന് പറഞ്ഞു. സമൂഹ വ്യാപന സാധ്യത അറിയാന്‍ മേഖലയില്‍ നിന്നും 1200 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇവരെല്ലാം മറ്റ് പ്രദേശങ്ങളില്‍ നിന്നും വന്നവരാണ്. താലൂക്ക് ആസ്പത്രിയില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയതായും ആര്‍ക്കും പരിശോധനയ്ക്ക് വിധേയമാകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: