മാവൂര്‍: മാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടില്‍ സിപിഎം നേതാക്കളുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി. ഈ ഇടപാടില്‍ കോടികളുടെ വെട്ടിപ്പാണ് പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ സിപിഎം നേതാക്കള്‍ കൈക്കലാക്കിയത്. സിപിഎം ഭരിക്കുന്ന മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കാര്യാട്ട് വാങ്ങിയ 2.17 ഏക്കര്‍ ഭൂമിയുടെ വില നിശ്ചയിച്ചതും ഇടപാടു നടത്തിയതും ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മറ്റി മെമ്പര്‍മാരും ഉള്‍പ്പെടുന്ന സബ് കമ്മറ്റിയാണ്. ഇതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായുള്ള സിപി എം നേതാക്കളുടെ പങ്ക് മറനീക്കി പുറത്തു വന്നിരിക്കയാണ്. മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ഭൂമി ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നും ബിജെപി മാവൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
മാവൂര്‍ സഹകരണ ബാങ്കിലെ ഭൂമി ഇടപാടില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ചില മുന്‍ ജീവനക്കാരും അംഗങ്ങളും വിജിലന്‍സിന് പരാതി നല്കി. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് ഒരു കോടി രൂപ അഡ്വാന്‍സായി നല്‍കിയാണ് സ്ഥലം വാങ്ങിച്ചത്. സഹകരണ വകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സഹകരണ ബാങ്കുകള്‍ക്കോ സൊസൈറ്റികള്‍ക്കോ സ്ഥലം വാങ്ങാന്‍ അനുമതിയില്ല. എന്നാല്‍ അനുമതി ലഭിക്കുന്നതിന് മുമ്പ് മുഴുവന്‍ തുകയും കൈമാറിയെന്നാണ് ആരോപണം. സ്ഥലം വാങ്ങുന്നത് എന്തിനാണെന്ന് ഡയറ്കടര്‍ ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്തില്ലെന്നും സിപിഎം നേതൃത്വം അറിയാതെ സ്ഥലം വാങ്ങിച്ചുവെന്നുമാണ് ആരോപണം. ഇതിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്ത് രാജിവെച്ച കെ.സി. രവീന്ദ്രന് പകരം നടപടി നേരിട്ട പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ അടുത്തബന്ധുവായ മാവൂര്‍ വിജയന് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: